കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല കലോത്സവത്തിന് തുടക്കമായി

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ കലോത്സവത്തിന് ചേലോറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. മേയര്‍ അഡ്വ. പി ഇന്ദിര കലോത്സവം ഉദ്ഘാടനം ചെയ്തു. സോന ജയറാം അധ്യക്ഷയായി. നാടന്‍പാട്ട് കലാകാരി പൊന്നാമ്പല മുഖ്യാതിഥിയായി. നൂപുരം, ഭരതം, ഇസൈ, വാഗ്മിതം, മൈലാഞ്ചി, പല്ലവി, യവനിക, ആലാപനം, മേഘദൂതം, കാദംബരി, ഖയാല്‍, ചേലോലി തുടങ്ങി 12 വേദികളിലായാണ് വിവിധ മത്സരങ്ങള്‍ നടക്കുന്നത്. 102 വിദ്യാലയങ്ങളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇതിനോടകം മൂന്ന് അവലോകന യോഗങ്ങള്‍ ചേര്‍ന്നു. സെപ്റ്റംബര്‍ 22ന് ലോഗോ പ്രകാശനവും നടന്നു. കലോത്സവത്തോടനുബന്ധിച്ച് സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയും നാല് വേദികളിലായി സംഘടിപ്പിക്കുന്നുണ്ട്. ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ചേലോറ പ്രദേശവാസികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, യുവജനങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

