കാപ്പാട് വിദഗ്ധ സംഘമെത്തി; കടല്‍ക്ഷോഭത്തെ പറ്റി വിശദമായി പഠിക്കും
1 min readകോഴിക്കോട്: കാപ്പാട് തീരത്തെ കടല്‍ക്ഷോഭത്തെ കുറിച്ച് പഠിക്കാന്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട്ടെത്തി. കടലില്‍ ഇറങ്ങിയും ഡ്രോണ്‍ ഉപയോഗിച്ചും സംഘം പരിശോധന നടത്തും. കടല്‍ക്ഷോഭത്തിന്റെ കാരണങ്ങള്‍ പഠിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അപ്രതീക്ഷിതമായ കടല്‍ക്ഷോഭങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് വിഷയം പഠിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിലെ വിദഗ്ധ സംഘം കാപ്പാടെത്തിയത്. മൂന്ന് ശാസ്ത്രജ്ഞന്മാരുള്‍പ്പെടെ 18 പേരാണ് സംഘത്തിലുള്ളത്. കാപ്പാട് ഭാഗത്ത് കടലിലിറങ്ങിയാണ് പരിശോധന. ഈ ഭാഗത്തെ കടലിന്റെ പ്രത്യേകതകളാണ് അത്യാധുനിക ഉപകരണങ്ങളുപയോഗിച്ച് പരിശോധിക്കുക. സെന്‍സറുകള്‍ വെള്ളത്തിൽ ഇറക്കിയാണ് പരിശോധന. ജലനിരപ്പിലുണ്ടാകുന്ന മാറ്റം, തിരമാലയുടെ ദിശ തുടങ്ങിയവ ഇതിലൂടെ അറിയാനാവും. തീരശോഷണത്തിന്റെ സ്വഭാവമറിയാനുള്ള പ്രധാന പരിശോധനയാണിത്. പഠനം രണ്ടാഴ്ച തുടരും. ശേഷം കടല്‍ക്ഷോഭത്തിന്റെ ആഘാതം കുറയ്ക്കാന്‍ എന്ത് മാര്‍ഗം സ്വീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് കൈമാറും. അതിന് ശേഷമാകും തുടര്‍ നടപടി. തുടര്‍ച്ചയായുണ്ടാകുന്ന കടലാക്രമണം മൂലം മത്സ്യത്തൊഴിലാളികളുള്‍പ്പെടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാണ്.