കര്‍ഷകമിത്രം’; ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം
1 min read

കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന എലികളെ നിയന്ത്രിക്കുന്ന ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അജണ്ടയിലാണ് ഈ നിര്‍ദ്ദേശമുള്ളത്.
സംസ്ഥാന മൃഗം, പക്ഷി, മീന്‍ എന്നിവയ്ക്കൊപ്പം സംസ്ഥാന ഉരഗം കൂടി വേണമെന്ന നിര്‍ദ്ദേശമാണ് വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിര്‍ദ്ദേശം സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അഞ്ചാമത് യോഗത്തിന്റെ അജണ്ടയില്‍ സ്ഥാനം പിടിച്ചു. ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്നത് അജണ്ടയിലെ നാലാമത്തെ ഇനമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജനവാസമേഖലകളില്‍ കാണുന്ന വിഷമില്ലാത്ത പാമ്പാണ് ചേര.കാര്‍ഷിക വിളകള്‍ക്ക് നാശം വരുത്തുന്ന എലികളെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. എലികള്‍ക്ക് പുറമേ ഉഗ്രവിഷമുളള പാമ്പുകളുടെ കുഞ്ഞുങ്ങളെയും ചേര ആഹാരമാക്കാറുണ്ട്. കര്‍ഷകമിത്രമായി അറിയിപ്പെടുന്ന ജീവി കൂടിയായതിനാല്‍ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്നാണ് വനം വകുപ്പിന്റെ നിര്‍ദ്ദേശം.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ പെടുന്ന ജീവിയാണ് ചേര. വനം വകുപ്പിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അധ്യക്ഷനായ വന്യജീവി ബോര്‍ഡ് അംഗീകരിക്കുമോ എന്നാണ് അറിയാനുളളത്.
