May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

സുരക്ഷ ഉറപ്പു വരുത്തി വൈദ്യുതി മേഖലയില്‍ അപകടം ഒഴിവാക്കുക; കെഎസ്ഇബി സേഫ്റ്റി കോണ്‍‍ക്ലേവിന് തുടക്കം

1 min read
SHARE

സുരക്ഷ ഉറപ്പു വരുത്തി വൈദ്യുതി മേഖലയില്‍ അപകടം ഒഴിവാക്കുക ലക്ഷ്യമാക്കി കെഎസ്ഇബി സംഘടിപ്പിക്കുന്ന സേഫ്റ്റി കോണ്‍‍ക്ലേവിന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ നടന്നു. ശ്രദ്ധയില്ലാത്ത ഒരു പ്രവര്‍‍ത്തിയും ലക്ഷ്യത്തിലെത്തില്ലെന്നും വൈദ്യുതി മേഖലയില്‍ പണിയെടുക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍‍ത്തണമെന്നും സന്ദേശത്തില്‍ മന്ത്രി കെ. കൃഷ്ണന്‍‍കുട്ടി ഓര്‍‍മ്മിപ്പിച്ചു.ജീവനക്കാര്‍‍ക്കിടയിലും ഉപഭോക്താക്കള്‍‍ക്കായും വൈദ്യുതി സുരക്ഷിതത്വം സംബന്ധിച്ച ബോധവത്ക്കരണം തുടര്‍ച്ചയായി നല്‍‍കണമെന്ന് മന്ത്രി നിര്‍‍ദ്ദേശിച്ചു.
കെ.എസ്.ഇ.ബി. ചെയര്‍‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍‍‍ ബിജു പ്രഭാകര്‍ ഐ.എ.എസ്. ആണ് സേഫ്റ്റി കോണ്‍‍ക്ലേവ് ഉദ്ഘാടനം ചെയ്തത്. സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പു വരുത്തി മാത്രമേ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യാന്‍ പാടുള്ളുവെന്നും സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് ഓരോ ജീവനക്കാരന്റെയും കര്‍‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.അപകടകരമായ സാഹചര്യത്തിലാണ് നാം ജോലി ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ അല്പം പോലും അലംഭാവം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍‍ത്തു. ഡിസിട്രിബ്യൂഷന്‍ & എസ്.സി.എം. ഡയറക്ടര്‍ സജി പൌലോസ് അദ്ധ്യക്ഷനായിരുന്നു. എച്ച്.ആര്‍.എം., സ്പോര്‍ട്സ്, വെല്‍‍ഫയര്‍, സേഫ്റ്റി & ക്വാളിറ്റി അഷ്വറന്‍‍‍സ് ഡയറക്ടര്‍ സുരേന്ദ്ര പി., ദക്ഷിണമേഖലാ ചീഫ് എന്‍‍ജിനീയര്‍ അനില്‍കുമാര്‍ കെ.ആര്‍., ചീഫ് സേഫ്റ്റി കമ്മീഷണര്‍ ആശ പി.എ. തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രൊക്സിമിറ്റി ഡിറ്റക്ടര്‍ വിതരണം, സേഫ്റ്റി ബാഡ്ജ് വിതരണം, ഉപഭോക്തൃ മാര്‍‍ഗ്ഗരേഖയുടെ പ്രകാശനം തുടങ്ങിയവ ചെയര്‍‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍ നിര്‍‍വ്വഹിച്ചു. സ്തുത്യര്‍ഹമായി ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തിയ ഗായത്രി, ഐ.എസ്. കുമാരി, വിജില എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വൈദ്യുതി രംഗത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്കിടയിൽ സുരക്ഷാ അവബോധം നൽകുക, സുരക്ഷാ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക, ജീവൻ രക്ഷിക്കാൻ മതിയായ സുരക്ഷ ശീലങ്ങൾ നിർബന്ധമാക്കുക, ശരിയായ സുരക്ഷാ തൊഴില്‍ സംസ്കാരത്തിലൂടെ സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, അപകടങ്ങൾ ഇല്ലാതാക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കുക, സുരക്ഷാ കാര്യങ്ങൾ മുൻനിര്‍ത്തി വ്യക്തികൾക്കും കുടുംബത്തിനും സമൂഹത്തിനും ഭാവി ശുഭകരമാക്കുക തുടങ്ങിയ ബൃഹത്തായ ലക്ഷ്യത്തോടെയാണ് സേഫ്റ്റി കോൺക്ലേവ് പദ്ധതി വിതരണ വിഭാഗം സര്‍‍ക്കിള്‍ തലത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ നടപ്പിലാക്കും.