May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകട്ടെ, പകിടകളി അവസാനിപ്പിക്കണം’; കോൺഗ്രസിനെതിരെ പാലക്കാട്ടെ ലീഗ് നേതാക്കൾ

SHARE

പാലക്കാട്: മുഖ്യമന്ത്രി ചര്‍ച്ചയില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാക്കള്‍. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോണ്‍ഗ്രസിലെ തര്‍ക്കം യുഡിഎഫ് വിജയത്തിന്റെ ആഹ്ലാദം ഇല്ലാതാക്കിയെന്ന് പാലക്കാട്ടെ മുസ്‌ലിം ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു. രാവും പകലും ഇല്ലാതെ പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നന്ദികേട് കാണിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഫേസ്ബുക്കില്‍ കുറിച്ചു.

 

പ്രവര്‍ത്തകരെ പൊരിവെയിലത്ത് നിര്‍ത്തിയുള്ള പകിടകളി കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും എം എ സമദ് പറഞ്ഞു. ‘എന്തായി…? നാലാള്‍ കൂടുന്നിടത്തൊക്കെ ചോദ്യം ഇതാണ്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 140 എംഎല്‍എമാരെ ജനങ്ങള്‍ തെരെഞ്ഞെടുത്തു. എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇതുവരെയും കഴിഞ്ഞില്ല. ടീം യുഡിഎഫില്‍ എംഎല്‍എമാരായി വന്നവരൊക്കെ അവരവരുടെ പാര്‍ട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രമാണോ വിജയിച്ചത്? അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരില്‍ എല്ലാ ഘടക കക്ഷികളില്‍ പെട്ടവരുമുണ്ട്. ജയിച്ച് ഭൂരിപക്ഷം കിട്ടിയാല്‍ പിന്നെ ഞങ്ങള് മതി എന്നാണെങ്കില്‍ അതിനാരെയും കുറ്റപ്പെടുത്താനുമില്ല. അതൊക്കെ അവരവരുടെ അന്തസ്സ് പോലിരിക്കും’, സമദ് പറഞ്ഞു.

കേരളീയര്‍ക്ക് അവരുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്നൊക്കെ പറയുവാനുള്ള അവകാശമുണ്ടെന്നും അത് പോലെ നടക്കുമോ ഇല്ലയോ എന്നൊക്കെ വേറെ കാര്യമാണെന്നും സമദ് കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷത്തെ ഇടത് ഭരണം, അതിനെതിരെയുള്ള പോരാട്ടങ്ങള്‍, വര്‍ധിത വീര്യത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, പ്രതിപക്ഷ നേതാവിന്റെയും ഉപ നേതാവിന്റെയും നേതൃത്വം. മികച്ച വിജയം, ഇടത് കുത്തക മണ്ഡലങ്ങളില്‍ വരെ മിന്നും ജയം. പ്രവര്‍ത്തകരും നാട്ടുകാരും വലിയ ആഹ്ലാദത്തിലാണെന്നും എല്ലാം നശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

‘ഇപ്പോള്‍ ആഹ്ലാദമില്ല, ആരവമില്ല, പകരം ‘എന്തായി’ എന്നൊരു ചോദ്യം മാത്രം. വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി മാത്രമുള്ള ഒരുമാതിരി വൃത്തികേടായി പോയി ഇതെല്ലാം. തെരഞ്ഞെടുപ്പില്‍ മറ്റൊന്നും സ്വപ്നം കാണാതെ രാവും പകലും മുന്നണിയുടെ വിജയത്തിന് വേണ്ടി കഷ്ടപ്പെട്ട പാവം പ്രവര്‍ത്തകരോട് കാണിക്കുന്ന നന്ദികേട് കൂടിയാണീ വൈകിപ്പിക്കല്‍. എംഎല്‍യോ മന്ത്രിയോ ഒന്നും ആകാന്‍ സ്വപ്നം കാണാത്ത പതിനായിരങ്ങളെ പൊരി വെയിലില്‍ നിറുത്തിയുള്ള ഈ പകിട കളി ഇനിയെങ്കിലും അവസാനിപ്പിക്കൂ’, സമദ് കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് സ്വന്തം നിലയ്ക്ക് മന്ത്രിസഭ രൂപീകരിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് ഹസന്‍ പ്രതികരിച്ചു. ലീഗ് സ്വന്തം നിലയ്ക്ക് മന്ത്രിസഭ രൂപീകരിക്കണമെന്നും ഇടതുപക്ഷത്തിന്റെയും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുടേയും പിന്തുണ തേടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലീഗ് തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘കേരള രാഷ്ട്രീയം സമഗ്ര മാറ്റത്തിന് സമയമായി. ജനം നല്‍കിയ മാന്റേറ്റ് പരിഗണിക്കാന്‍ തയ്യാറല്ലാത്ത കോണ്‍ഗ്രസ് നിലപാടിന്റെ പശ്ചാത്തലത്തില്‍ ലീഗ് സ്വന്തം നിലക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ മുന്നോട്ട് വരണം, ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ പുറത്തുനിന്നും പിന്തുണ നല്‍കണം. യുഡിഫിലെ മറ്റു ഘടക കക്ഷികളും സ്വാതന്ത്ര എംഎല്‍എമാരും ലീഗിന് പിന്തുണ നല്‍കാന്‍ തയാറായാല്‍ കേരളം കണ്ട ഏറ്റവും മികച്ച ഭരണത്തിന് കളമൊരുങ്ങും’, അദ്ദേഹം പറഞ്ഞു.