തിരിച്ചെത്തിയ പ്രവാസികൾക്കായി തളിപ്പറമ്പിൽ വായ്പാമേള എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു
1 min readതിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ സംഘടിപ്പിച്ച വായ്പാമേള എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ ടാപ്കോസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷനായി. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൻഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് മേള നടത്തിയത്. നോർക്ക റൂട്ട്സ് സി ഇ ഒ കെ ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. നോർക്കാ റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി പദ്ധതി വിശദീകരിച്ചു. പ്രാഥമിക സഹകരണ കാർഷീക ഗ്രാമ വികസന ബേങ്ക് റീജിയണൽ മാനേജർ എം ടി ഗീത, കേരള ബേങ്ക് ഡയറക്ടർ ബോർഡ് അംഗം വത്സല കുമാരി, കെ എസ് ബി സി ഡി സി പ്രൊജക്റ്റ് അസിസ്റ്റന്റ് കെ ടി ജിതിൻ, ബേങ്ക് ഓഫ് ബറോഡ തളിപ്പറമ്പ ബ്രാഞ്ച് മാനേജർ എൻ പ്രജീഷ് എന്നിവർ സംസാരിച്ചു. എം വി സുരേശൻ, ടി ഡി ജോണി, പി മനോജ്, മനോഹരൻ കക്കട്ടിൽ എന്നിവർക്ക് വായ്പ അനുമതി പത്രം എം എൽ എ കൈമാറി. നോർക്കാ റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ അബ്ദുൽ നാസർ വക്കയിൽ സ്വാഗതവും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ ജി ഷിബു നന്ദിയും പറഞ്ഞു. 16ഓളം ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വായ്പാ നിർണയമേള നടത്തിയത്. പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ ഡി പി ആർ ഇ എം പദ്ധതി പ്രകാരം അനുവദിക്കുന്നത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും എൻ ഡി പി ആർ ഇ എം പദ്ധതി വഴി അപേക്ഷിക്കാൻ അർഹതയുണ്ട്.