വീട്ടിൽ പൂട്ടിയിട്ട് തുടർച്ചയായി 3 ദിവസം മർദ്ദിച്ചു; ഭർത്താവിൽ നിന്ന് ക്രൂര മർദ്ദനമെന്ന് യുവതിയുടെ പരാതി

1 min read
SHARE

കണ്ണൂർ ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയാണ് കണ്ണൂർ ഉളിക്കൽ സ്വദേശിയായ ഭർത്താവിനെതിരെ പരാതി നൽകിയത്.
കഴിഞ്ഞ ഞായറാഴ്ചയോടെയാണ് കേസിനാസ്പദമായ സംഭവം.

ഭർത്താവ്, ഭർതൃ മാതാവ് അജിതയുടെ സഹായത്തോടെ  യുവതിയെ  മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദ്ദിച്ചെന്ന് യുവതി പറയുന്നു. കഴുത്തിൽ ബെല്‍റ്റുകൊണ്ട് മുറുക്കിയെന്നും,  ക്രൂരമായി മർദ്ദിച്ചതായും ആരോപണം. കണ്ണിനും  ചെവിക്കും മർദ്ദനത്തിൽ പരുക്കേറ്റെന്ന്‌ യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

 

അതേസമയം, യുവതിയുടെ പരാതിയിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. പിന്നീട് അനുനയ ശ്രമത്തിനു പിന്നാലെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. പിന്നീടും തർക്കവും മർദ്ദനവും തുടർന്നപ്പോഴാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മർദ്ദനത്തിൽ സാരമായി പരുക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.