രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്

1 min read
SHARE

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്. സത്യം, അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങളിൽ അടിയുറച്ചുവിശ്വസിച്ച ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്.1948 ജനുവരി 30 വൈകിട്ട് 5.17. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകൾ ഗാന്ധിജിയുടെ നെഞ്ച് തുളച്ചുകയറി. ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ച് ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. ‘നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം നഷ്ടമായിരിക്കുന്നു’ എന്നായിരുന്നു ആ വാക്കുകൾ.

 

നിരന്തര സത്യാന്വേഷണമായിരുന്നു ഗാന്ധിജിക്ക് ജീവിതം. രൂപം പോലെത്തന്നെ ലളിതമായിരുന്നു ജീവിതവും. സഹിഷ്ണുതയായിരുന്നു ഗാന്ധിജി. വൈരുധ്യങ്ങളോട് നിരന്തരം സംവദിച്ച ഗാന്ധിജി, ഒരു ആശയത്തോടും മുഖം തിരിച്ചുനിന്നില്ല. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച, ഏത് വെല്ലുവിളിയിലും അഹിംസയിൽ ഉറച്ചുനിന്ന ആ ഇച്ഛാശക്തി കണ്ട് ലോകം അമ്പരന്നുനിന്നു. ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ലെന്നും അത് തോൽവിയാണെന്നും നിരന്തരം ഓർമിപ്പിച്ചു.

മതേതരമൂല്യങ്ങളിൽ അടിയുറച്ച് നിന്ന ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തി ഏറുന്നകാലത്താണ് ഈ ഓർമദിനം കടന്നുപോകുന്നത്.