രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസ്: മഹിളാ കോണ്‍ഗ്രസ് നേതാവ് രജിത പുളിക്കല്‍ അറസ്റ്റിൽ.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് രജിത പുളിക്കല്‍ അറസ്റ്റില്‍. പത്തനംതിട്ട സൈബര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് കേസ്. കേസെടുത്തതിന് പിന്നാലെ രജിത പുളിക്കല്‍ ഒളിവിലായിരുന്നു. കോട്ടയത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിനെ സമീപിച്ചതിന് പിന്നാലെ അതിജീവിതയുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തി രജിത പുളിക്കല്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രജിത പുളിക്കലിന് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ കേസില്‍ രജിത ഒന്നാം പ്രതിയായിരുന്നു. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫായിരുന്നു ഈ കേസിലെ രണ്ടാം പ്രതി. ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയും സന്ദീപ് വാര്യര്‍ നാലും രാഹുല്‍ ഈശ്വര്‍ അഞ്ചും പ്രതികളായിരുന്നു. പാലക്കാട് സ്വദേശിയായ വ്‌ളോഗറായിരുന്നു ആറാം പ്രതി.രാഹുലിനെതിരെ മൂന്നാം ബലാത്സംഗ പരാതി ഉയര്‍ന്നതോടെയായിരുന്നു അതിജീവിതയെ അധിക്ഷേപിച്ച് രജിത പുളിക്കല്‍ രംഗത്തെത്തിയത്. അതിജീവിതയുടെ ഐഡന്റിറ്റിയും ഇവര്‍ വെളിപ്പെടുത്തി. അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിലാണ് ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

