July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

മലയാള ദിനം, ഭരണഭാഷാ വാരാഘോഷം: ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

1 min read
SHARE

ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് മലയാളം വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കെ.വി സുമേഷ് എംഎൽഎ നിർവഹിച്ചു. നമ്മൾ എന്താണോ, അതാണ് നമ്മുടെ ഭാഷയെന്ന് അദ്ദേഹം പറഞ്ഞു. നിരക്ഷരന് പോലും ജന്മഭാഷ അമ്മയാണ്. അയാളുടെ പ്രശ്നങ്ങളെല്ലാം അവതരിപ്പിക്കുവാൻ കഴിയുന്നത് മാതൃഭാഷയിലാണ്-എം എൽ എ പറഞ്ഞു. കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ‘എഴുത്തുകാരന്റെ വായനാ പ്രപഞ്ചം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ ഭാഷ ഭൂതകാലസംസ്‌കാരത്തിന്റെ കലവറയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷകൾക്കും ഒരു ആന്തരിക സംഗീതമുണ്ട്. നമ്മുടെ ഓർമ്മകൾ സൂക്ഷിച്ചുവച്ചിരിക്കുന്നത് ഭാഷയിലാണ്. ഒരുകുഞ്ഞ് അമ്മയുമായി സംവദിക്കുന്നത് ഭാഷയിൽ വൈദഗ്ദ്യം നേടിയിട്ടല്ല. അതൊരു സ്വാഭാവിക ജൈവികപ്രക്രിയയാണ്-അദ്ദേഹം പറഞ്ഞു. എഴുത്തുകാരനെ ഓർമ്മിക്കപെടുന്നത്, അദ്ദേഹം ഭാഷയ്ക്ക് സംഭാവന ചെയ്ത വാക്കുകളിലൂടെയാണ്. എഴുത്തുകാരന് മാത്രമായി ഒരു വായനാപ്രപഞ്ചമില്ല. നമ്മൾ ഏറ്റവും വിഷമിച്ചിരിക്കുന്ന നേരത്ത് ആശ്വാസമർപ്പിക്കാൻ രണ്ട് പേർ വന്നിരിക്കുന്നത് പോലെയാണ് വായന-ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ കെ.ടി ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര മുഖ്യാതിഥിയായി. ‘മലയാള ഭാഷയുടെ വർത്തമാനം’ എന്ന വിഷയത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് സീനിയർ സബ് എഡിറ്റർ കെ.സി സുബിൻ പ്രഭാഷണം നടത്തി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചർ, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ പദ്മനാഭൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, മലയാളം വകുപ്പ് അധ്യക്ഷ ഡോ ശ്യാമള മാനിച്ചേരി, യൂനിയൻ ചെയർപേഴ്‌സൺ ടി.കെ ഷാനിബ, മലയാളം അസോസിയേഷൻ സെക്രട്ടറി സി. അനോഹിത എന്നിവർ സംസാരിച്ചു. മലയാളം വിഭാഗം അസി. പ്രൊഫസർ ഡോ. ജോസ്‌ന ജേക്കബ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവംബർ ഏഴ് വരെ നടക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്നുണ്ട്.