May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

ഖത്തറിലെ മലയാളി പെൺകരുത്ത്, എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയായി സഫ്രീന ലത്തീഫ്

1 min read
SHARE

ഇച്ഛാശക്തിയുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വിജയ പതാക നാട്ടി ഖത്തറിൽ പ്രവാസിയായ മലയാളി യുവതി. ദീർഘകാലമായി കുടുംബമായി ഖത്തറിൽ താമസിക്കുന്ന കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെ കാൽചുവട്ടിലാക്കിയ ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടം സ്വന്തമാക്കിയത്.നേപ്പാൾ സമയം രാവിലെ 10:25 ന്, 20 മണിക്കൂറിലധികം തണുത്തുറഞ്ഞ താപനിലയെയും ശക്തമായ കാറ്റിനെയും മറികടന്ന് 8,848 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ സഫ്രീന എത്തി. ഈ നേട്ടത്തോടെ, കേരളത്തിൽ നിന്ന് എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യ വനിതയായി അവർ മാറി.

ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ സർജനായ ഭർത്താവ് ഡോ. ഷമീൽ മുസ്തഫയ്ക്കും മകൾ മിൻഹയ്ക്കുമൊപ്പം 2001 മുതൽ ഖത്തറിലാണ് സഫ്രീന താമസിക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിന്റെയും അഭിനിവേശത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് സഫ്രീന പറയുന്നു. ഭർത്താവിനൊപ്പം ടാൻസാനിയയിലെ കിളിമഞ്ചാരോ (5,895 മീറ്റർ), അർജന്റീനയിലെ അക്കോൺകാഗ്വ (6,961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) എന്നീ പർവതങ്ങൾ സഫ്രീന കീഴടക്കിയിട്ടുണ്ട്. കസാക്കിസ്ഥാനിൽ ഉയർന്ന ഉയരത്തിലുള്ള ഐസ് പരിശീലനവും സഫ്രീന പൂർത്തിയാക്കിയിട്ടുണ്ട്.

വലിയ നേട്ടം കാൽചുവട്ടിലാക്കാൻ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും, തന്നെ കൊടുമുടിയിലെത്താൻ സഹായിച്ച പര്യവേഷണ സംഘമായ എലൈറ്റ് എക്സ്പെഡിനും അവർ നന്ദി പറഞ്ഞു.വേങ്ങാട് കെ.പി. സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൽ ലത്തീഫിൻെറയും മകളാണ് സഫ്രീന. മിൻഹ മകളാണ്.

കിളിമഞ്ചാരോ കൊടുമുടി കീഴടക്കികൊണ്ടായിരുന്നു ഇരുവരുടെയും തുടക്കം. ശേഷം, അർജൻറീനയിലെ അകോൺകാഗ്വ (6961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5642 മീറ്റർ) എന്നിവയും കീഴടക്കിയാണ് എവറസ്റ്റിനായി ഒരുങ്ങിയത്. എന്നാൽ, ഇതിനിടയിൽ ഡോ. ഷമീൽ പരിക്കിനെ തുടർന്ന് എവറസ്റ്റ് സ്വപ്നത്തിന് താൽകാലിക അവധി നൽകി. അപ്പോഴും സ്വപ്നം വിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കിയാണ് ഈ ഏപ്രിൽ 12ന് ദോഹയിൽ നിന്നും നേപ്പാളിലേക്ക് യാത്രയായത്.കടുത്ത മഞ്ഞും, ദുർഘട പാതകളും താണ്ടിയായിരുന്നു മണിക്കൂറുകൾ നീണ്ട മലകയറ്റം. അവിടെ നിന്നും, 12 മണിക്കൂറോളം വീണ്ടും കൊടുമുടിയേറി നാലാം ക്യാമ്പിലേക്ക്. നാലു മണിക്കൂർ വരെ വിശ്രമിച്ച ശേഷം, 14 മണിക്കൂർ അതിസാഹസികത നിറഞ്ഞ പാതകളും പിന്നിട്ടായിരുന്നു കൊടുമുടിയുടെ ഉച്ചിയിലെത്തിയത്.
ആദ്യമായി എവറസ്റ്റ് കീഴടക്കിയ വനിത ജപ്പാൻ കാരി ജുൻകോ തബെയും (1975) , ഇന്ത്യയിൽ നിന്നും ആദ്യമായി എവറസ്റ്റ് കീഴടക്കിയത് ഉത്തരഖാണ്ട് സ്വദേശിനിയായ ബജെന്ദ്രി പാലുമാണ് (1984).