മന്ത്രി അടക്കം വിഐപികൾ നിരന്നു നിന്നു; ആ വലിയ ലക്ഷ്യത്തിനായി കളക്ടറും എസ്പിയും കൂടെയിറങ്ങി, വമ്പൻ മുന്നേറ്റം
1 min readകോട്ടയം: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ മാലിന്യ മുക്ത നിയമസഭ മണ്ഡലമെന്ന നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍. രണ്ട് മാസത്തിലേറെ നീണ്ട മുന്നൊരുക്കങ്ങളാണ് ലക്ഷ്യത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടന്നത്. ജലാശയങ്ങളടക്കം ശുദ്ധീകരിച്ച് കേരള പിറവി ദിനത്തില്‍ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. കൈയിലൊരു ഗ്ലൗസുമിട്ട് മന്ത്രി മുമ്പേയിറങ്ങി.കളക്ടറും എസ്പിയും കൂടെയിറങ്ങി. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തെ ചവറു വാരിക്കൊണ്ടാണ് സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ മാലിന്യ മുക്ത മണ്ഡലമായി ഏറ്റുമാനൂരിനെ മാറ്റാനുളള ഉദ്യമത്തിന് തുടക്കമായത്. വി ഐ പികള്‍ നിരന്നു നിന്ന് മാലിന്യം വാരി ഉദ്ഘാടനം നടത്തിയ മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ മുമ്പും ഒരുപാട് നടന്നിട്ടുണ്ടെങ്കിലും ഏറ്റുമാനൂരില്‍ ഉദ്ഘാടനത്തിനപ്പുറവും തുടര്‍ച്ചയുണ്ടാകുമെന്നാണ് സ്ഥലം എം എൽ എ കൂടിയായ മന്ത്രിയുടെ ഉറപ്പ്.
ഓരോ വാര്‍ഡിലും 200 പേരെയെങ്കിലും ശുചീകരണ പരിപാടിയുടെ ഭാഗമാക്കും. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് താഴെത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക. മുഴുവന്‍ വീടുകളിലെയും അജൈവ മാലിന്യങ്ങളടക്കം ശേഖരിച്ച് നീക്കും. ജലാശയങ്ങളുടെ ശുദ്ധീകരണവും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
അതേസമയം, മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായുള്ള പരിശോധനകള്‍ സംസ്ഥാനത്ത് തുടരുന്നുണ്ട്. ഹോട്ടലുകളിലെ ശുചിത്വം, മാലിന്യ സംസ്‌കരണം, അജൈവപാഴ് വസ്തുക്കള്‍ കൈമാറ്റം എന്നിവ സംബന്ധിച്ചും വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് കണ്ടുപിടിക്കുന്നതിനും നിയമടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് പരിശോധനകള്‍. മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25000 രൂപ വീതം പിഴയും, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്ക് 10,000 രൂപ പിഴ ചുമത്തുന്നുണ്ട്.