January 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
January 15, 2025

മംഗലപുരത്തെ ഭിന്നശേഷിക്കാരിയുടെ മരണം, കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു

1 min read
SHARE

തിരുവനന്തപുരം മംഗലപുരത്ത് ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മംഗലപുരത്തിന് സമീപം കൊയ്ത്തൂർക്കോണത്താണ് 69 വയസ്സുള്ള ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമണിയുടെ മൃതദേഹം കണ്ടത് തൊട്ടടുത്ത സഹോദരന്‍റെ പുരയിടത്തിലായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയെന്ന് സംശയിക്കുന്ന തൗഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നേരത്തെ മൃതശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതും പൊലീസിന് മരണം കൊലപാതകമാണെന്ന സൂചന നൽകി. വെളുപ്പിനെ പൂജയ്ക്ക് പൂ പറിക്കാൻ പോയപ്പോ‍ഴാകാം കൃത്യം നടന്നതെന്നാണ് പൊലീസ് നിഗമനം.

മരിച്ച തങ്കമണിയുടെ സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ മുഖത്ത് മുറിവിന്‍റെ പാടുകൾ ഉള്ളതും ധരിച്ചിരുന്ന ബ്ലൗസ് കീറിയ നിലയിലുള്ളതും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലായതും കൃത്യം കൊലപാതകമാണെന്ന പൊലീസിൻ്റെ സംശയത്തെ ബലപ്പെടുത്തി. കൂടാതെ പൂക്കളും ചെരിപ്പും സമീപത്ത് ചിതറിക്കിടപ്പുണ്ടായിരുന്നു. ഉപയോഗിച്ചിരുന്ന കമ്മലും കാതിൽ ഉണ്ടായിരുന്നില്ല.

സംഭവത്തെ തുടർന്ന് ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി പരിശോധനയിലാണ് കൊലയാളിയുടെ സൂചന പൊലീസിന് ലഭിച്ചത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് പോത്തൻകോട് നിന്ന് പ്രതി തൗഫീഖ് പിടിയിലായത്. പോസ്കോ കേസിലെ പ്രതി കൂടിയാണ് തൗഫീഖ്. മോഷണ വണ്ടിയുമായി എത്തിയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. തൗഫീഖിൽ നിന്നും തങ്കമണിയുടെ സ്വർണ കമ്മലും പൊലീസ് കണ്ടെടുത്തു.