തൃശൂരിൽ വൻ തീപിടുത്തം; മൂന്ന് കടകൾ പൂർണ്ണമായും കത്തിനശിച്ചു.
1 min read

തൃശൂർ ചാവക്കാട് നഗരത്തിൽ വൻ തീപിടിത്തം. നഗരമദ്ധ്യത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കടകൾ പൂർണ്ണമായും കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീ ആളിപ്പടർന്നത്. നഗരത്തിലെ ട്രാഫിക് ഐലൻ്റിനു വടക്കു കിഴക്കേ മൂലയിലുള്ള അസീസ് ഫുട് വെയർ, ടിപ്പ് ടോപ്പ് ഫാൻസി സെൻറർ, ടെക്സ്റ്റയിൽ ഷോപ്പ് എന്നിവ പൂർണ്ണമായും കത്തിനശിച്ചു. ഗുരുവായൂർ, കുന്നംകുളം, പൊന്നാനി എന്നിവിടങ്ങളിൽ നിന്നെത്തിയ എട്ട് യൂണിറ്റ് ഫയർ ഫോഴ്സും നാട്ടുകാരും ചാവക്കാട് പൊലീസും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണക്കാൻ കഴിഞ്ഞത്. ചെരിപ്പ് കടയുടെ പിൻഭാഗത്ത് നിന്നാണ് ആദ്യം തീ ഉയർന്നത്. സമീപത്തെ പ്രാദേശിക ടി വി ചാനലിൻ്റെ ഇലക്ട്രിക് കേബിളുകളും ഉപകരണങ്ങളും കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടിത്തകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
