ഒമ്പത് വർഷങ്ങൾക്ക് ശേഷം മാതാ അമൃതാനന്ദമയി ദേവി മാനന്തവാടിയിലേക്ക്; ബ്രഹ്മസ്ഥാന രജതജൂബിലി മഹോത്സവം ഒക്ടോബർ 30, 31 തീയതികളിൽ .

ലോകാരാധ്യയായ ആത്മീയ ആചാര്യ ശ്രീ മാതാ അമൃതാനന്ദമയി ദേവി ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാനന്തവാടിയിലെത്തുന്നു2001-ൽ അമ്മ നേരിട്ട് പ്രാണപ്രതിഷ്ഠ നിർവ്വഹിച്ച മാനന്തവാടി ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാർഷിക രജതജൂബിലി മഹോത്സവത്തിന് അമ്മ മുഖ്യകാർമ്മികത്വം വഹിക്കും. ഒക്ടോബർ 30, 31 തീയതികളിലാണ് ഭക്തിസാന്ദ്രമായ ചടങ്ങുകൾ നടക്കുന്നത്. മാനന്തവാടിയിലെത്തുന്ന അമ്മയെ സംഘാടക സമിതിയുടെ നേതൃത്വത്തിൽ പൂർണ്ണകുംഭം നൽകി ആചാരവിധിപ്രകാരം വരവേൽക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 30-ന് രാവിലെ 10 മണിയോടെ അമ്മ വേദിയിലെത്തും പ്രമുഖ വ്യക്തികളുടെ ഹാരാർപ്പണത്തിന് ശേഷം അമ്മയുടെ അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവ നടക്കും. തുടർന്ന് ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ ഭക്തർക്കും അമ്മ നേരിട്ട് ദർശനം നൽകും. ഭക്തജനത്തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ടോക്കൺ–ടൈം കാർഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലും രാവിലെ 6.30 മുതൽ വേദിക്ക് സമീപത്തുനിന്നും ആദ്യം വരുന്നവർക്ക് മുൻഗണന എന്ന ക്രമത്തിൽ ടോക്കണുകൾ നൽകും. വേദിക്ക് ഇരുവശങ്ങളിലുമുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളിൽ നമ്പർ കാണിക്കുന്നതനുസരിച്ചാണ് ഭക്തർക്ക് ദർശനം ക്രമീകരിക്കുക.
രണ്ട് ദിവസങ്ങളിലും പുലർച്ചെ 5.30 മുതൽ ശ്രീലളിതാ സഹസ്രനാമാർച്ചന നടക്കും ഒക്ടോബർ 30-ന് രാവിലെ 7 മണിക്ക് രാഹുദോഷനിവാരണ പൂജയും, 31-ന് രാവിലെ 7 മണിക്ക് ശനിദോഷനിവാരണ പൂജയും അരങ്ങേറും. കൂടാതെ ഉദയാസ്തമയ പൂജയും മറ്റ് വിശേഷാൽ വഴിപാടുകളും നടത്തുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ദർശനത്തിനെത്തുന്ന മുഴുവൻ ആളുകൾക്കും സൗജന്യ അന്നദാനവും ഇരിപ്പിടങ്ങളിൽ തന്നെ കുടിവെള്ള ലഭ്യതയും ഒരുക്കിയിട്ടുണ്ട്. മാനന്തവാടിയിലെ പരിപാടികൾക്ക് ശേഷം അമ്മ മൈസൂർ ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിലേക്ക് യാത്ര തിരിക്കും.
വാർത്താസമ്മേളനത്തിൽ ബ്രഹ്മചാരി ദീക്ഷിതാമൃത ചൈതന്യ, ബ്രഹ്മചാരി പൂജിതാമൃത ചൈതന്യ, എൻ.കെ. മന്മഥൻ, പി.കെ. സുധാകരൻ മേപ്പാടി, ഇ.കെ. ഗോപി എന്നിവർ സംബന്ധിച്ചു.

