November 2024
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
November 13, 2024

മലയാളിയെന്ന നിലയിൽ അഭിമാനം രണ്ടു കാര്യങ്ങളിലെന്ന് മോഹൻലാൽ, വീഡിയോ; പ്രിയനടന് അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി

1 min read
SHARE

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. മലയാളിയെന്ന നിലയില്‍ രണ്ട് കാര്യങ്ങളിലാണ് തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയിട്ടുള്ളതെന്ന് മോഹന്‍ലാല്‍ ആശംസവീഡിയോയില്‍ പറയുന്നു. ലോകത്ത് എവിടെ ചെന്നാലും കേരളത്തെ അറിയുക, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അത് മലയാളിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നുയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാല്‍ പറഞ്ഞത്: മലയാളിയെന്ന നിലയില്‍ രണ്ട് കാര്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയിട്ടുള്ളത്. ലോകത്ത് എവിടെ ചെന്നാലും കേരളത്തെ അറിയുക, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അത് മലയാളിക്ക് മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടെയും നിര്‍ണായക സ്ഥാനങ്ങളില്‍ മലയാളികളുണ്ടാകും. ഞാന്‍ പ്രവര്‍ത്തിക്കുന്നത് മലയാള സിനിമയിലാണെന്നതിലും അഭിമാനമുണ്ട്. കാരണം, ഇന്ത്യയില്‍ മറ്റ് ഭാഷ സിനിമക്കാര്‍ ഉറ്റുനോക്കുന്ന സിനിമകളാണ് നമ്മുടേത്. മറ്റ് ഭാഷകളില്‍ പോകുമ്പോള്‍ അറിയാം, അവര്‍ നമുക്ക് തരുന്ന ബഹുമാനം. എക്കാലത്തെയും മികച്ച എഴുത്തുകാരെയും സംവിധായകരെയും അഭിനേതാക്കളെയും സാങ്കേതിക വിദഗ്ദരെയും കേരളം സമ്മാനിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ ത്രിഡി സിനിമയും ചലച്ചിത്ര അക്കാദമിയും ഉണ്ടായത് കേരളത്തിലാണ്. പ്രേക്ഷകര്‍ എന്ന നിലയിലും നമ്മള്‍ സിനിമയെ വളരെ ക്രിട്ടിക്കലായി കാണുന്നവരാണ്. മലയാള സിനിമയ്ക്ക് ഇത്രത്തോളം പ്രാധാന്യം കിട്ടാന്‍ കാരണം ഗ്രന്ഥശാല പ്രസ്ഥാനം പോലുള്ള ആഴത്തില്‍ വേരോട്ടമുള്ള ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ്. മലയാളിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. കേരളത്തില്‍ ജനിച്ചതിലും. ഈ കേരള പിറവിക്ക് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന് മലയാളിയെന്ന നിലയ്ക്ക് എല്ലാവിധ ആശംസകളും. 

 

മോഹന്‍ലാലിന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ”കേരളത്തിന്റെ സാംസ്‌കാരികത്തനിമയെയും കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തുന്ന ‘കേരളീയ’ത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കിയ മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന് അഭിവാദ്യങ്ങള്‍. തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ, പൊതുപരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.” ഒരു സമൂഹമെന്ന നിലയില്‍ നാമാര്‍ജിച്ച നേട്ടങ്ങളെ ലോകത്തിന് മുന്നിലവതരിപ്പിക്കാനും സമൃദ്ധി നിറഞ്ഞ നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ഭാവിപദ്ധതികളെ പറ്റി സംവദിക്കാനും ‘കേരളീയം’ വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.