മുഹമ്മദ് ഷഹബാസിൻ്റെ മൃതദേഹം ഖബറടക്കി
1 min read

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിൻ്റെ മൃതദേഹം ഖബറടക്കി. ധാരാളം പേരാണ് അവസാനമായി കാണാൻ ഷഹബാസിന്റെ തറവാട്ട് വീട്ടിലും പൊതുദർശനത്തിന് വെച്ച മദ്രസയിലും എത്തിയത്. കുട്ടികളുടെ അക്രമവാസനയെക്കുറിച്ച് സംസ്ഥാന തലത്തിൽ പഠനം നടത്തുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം 3 മണിയോടെയാണ് താമരശ്ശേരി പാലോറക്കുന്നിലെ തറവാട് വീട്ടിൽ എത്തിച്ചത്. ശേഷം മൃതദേഹം മയ്യത്ത് നമസ്കാരത്തിനായി ചുങ്കം ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കിയത്. ഒപ്പം പഠിച്ചവൻ ചേതനയറ്റ് കിടന്നപ്പോൾ സുഹൃത്തുക്കൾ വിങ്ങിപ്പൊട്ടി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാര്‍ പറഞ്ഞു.
