രക്തം തളംകെട്ടിയ മുറിയിൽ മൃതദേഹങ്ങൾ; കൊച്ചിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ
1 min readകൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ കണ്ടെത്തി. ഗൃഹനാഥനായ മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്. മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സംശയം. മണിയന്റെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മുറിയിൽ രക്തം തളംകെട്ടി നിൽക്കുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളെല്ലാം. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം 62 കാരനായ മണിയൻ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. മനോജിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.ലോട്ടറി വിൽപ്പനക്കാരനായിരുന്നു മണിയൻ. ഇന്ന് രാവിലെ സരോജിനിയുടെ സഹോദരി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ മൂന്ന് മൃതദേഹങ്ങളും കണ്ടത്. ഇന്നലെ രാത്രിയിൽ മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നത്. രാത്രി നല്ല മഴയായിരുന്നുവെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നുവെന്നും അയൽവാസി വ്യക്തമാക്കി.