ഒടുവില്‍ ‘സൗജന്യ’മായി കിട്ടിയ കശ്മീരിലെ സ്ഥലം തിരിച്ച് നല്‍കി മുത്തയ്യ മുരളീധരന്‍
1 min read

ശ്രീലങ്കന്‍ മുന്‍ ബൗളര്‍ മുത്തയ്യ മുരളീധരന്‍ ‘സൗജന്യ’മായി അനുവദിച്ച ജമ്മുകശ്മീരിലെ സ്ഥലം അദ്ദേഹം തിരികെ നല്‍കി. ബിയര്‍ കാന്‍ നിര്‍മാണ ഫാക്ടറിക്കായി ജമ്മുവിലെ ഭാഗ്താലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അനുവദിച്ചിരുന്ന 25 ഏക്കറോളമാണ് അദ്ദേഹം തിരിച്ചു നല്‍കിയത്.
മുത്തയ്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സിലോണ്‍ ബീവറേജസ്. ഈ കമ്പനിയുടെ ബോട്ട്‌ലിംഗ് പ്ലാന്റും ബിയര്‍ കാന്‍ നിര്‍മാണ ഫാക്ടറിയും നിര്‍മിക്കാന്‍ ലക്ഷ്യമിട്ടാണ് സ്ഥലം വിട്ടുനല്‍കിയത്. കര്‍ണാടകയിലേത് പോലെ ജമ്മുകശ്മീരിലും തന്റെ വ്യവസായം വ്യാപിപ്പിക്കാനാണ് മുത്തയ്യ മുരളീധരന്‍ ലക്ഷ്യമിട്ടത്.
രണ്ടായിരത്തിലേറെ ഏക്കര്‍ സ്ഥലത്താണ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്. ഇതിന്റെ ഭാഗങ്ങള്‍ ജമ്മുവിലും കശ്മീരിലുമായി വ്യാപിച്ചിരിക്കുകയാണ്. വ്യവസായ വാണിജ്യമന്ത്രി സുരീന്ദര്‍ ചൗധരിയാണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്.മുത്തയ്യ മുരളീധരന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയെന്ന് പ്രതിപക്ഷത്തുള്ള സിപിഐഎം കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വലിയ പ്രതിഷേധമാണ് സഭയില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേരിടേണ്ടി വന്നത്. ഇതാണോ മുത്തയ്യ മുരളീധരന്‍ സ്ഥലം തിരികെ നല്‍കാന്‍ കാരണമെന്ന് വ്യക്തമല്ല.
