September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

എം വി ഗോവിന്ദൻ തളിപ്പറമ്പിൽ തന്നെ പ്രവർത്തിക്കുകയാണ്, എന്തിനാണ് ഇത്ര ഭയം?’; ആഞ്ഞടിച്ച് ടി കെ ഗോവിന്ദൻ.

SHARE

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി മുൻ സിപിഐഎം നേതാവും തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുമുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ടി കെ ഗോവിന്ദൻ. 140 മണ്ഡലങ്ങളിലും പ്രവർത്തിക്കേണ്ട എം വി ഗോവിന്ദൻ തളിപ്പറമ്പിൽ തന്നെ നിന്ന് പ്രവർത്തിക്കുകയാണെന്നും എന്തിനാണ് ഇത്ര ഭയം എന്നും ടി കെ ഗോവിന്ദൻ ചോദിച്ചു.

 

ഭാര്യ കെ പി രമണിക്കെതിരെയുള്ള എം വി ജയരാജന്റെ വിമർശനത്തിനും ടി കെ ഗോവിന്ദൻ മറുപടി നൽകി. പാർട്ടി ഓഫീസിൽ നിന്ന് കഞ്ഞി കുടിച്ചെന്ന നീച പ്രചാരണമാണ് നേതാക്കൾ നടത്തുന്നത്. പാർട്ടിയുടെ കഞ്ഞി കുടിച്ച കണക്ക് പറയുകയാണ് അവർ. സ്വയം വിരമിച്ചാണ് പാർട്ടി പ്രവർത്തകനായത്. വിരമിച്ച ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് താൻ നഷ്ടപ്പെടുത്തിയത്. സിപിഐഎം താഴ്ന്ന നിലവാരത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യരുതെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.

ഒരു സമയത്ത് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന എൻ സുകന്യയെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും ടി കെ ഗോവിന്ദൻ ചോദിച്ചു. സുകന്യ ടീച്ചറും കണ്ണൂരിലെ ടീച്ചറാണല്ലോ?. മഹിളാ അസോസിയേഷൻ രംഗത്ത് പ്രവർത്തിക്കുന്ന നേതാവല്ലേ സുകന്യയെന്നും ടി കെ ഗോവിന്ദൻ ചോദിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എ ജെയിംസ് മാത്യുവിന്റെ ഭാര്യയുമാണ് എന്‍ സുകന്യ. ആദ്യഘട്ട സ്ഥാനാർത്ഥി ചർച്ചകളിൽ തളിപ്പറമ്പിൽ സുകന്യയുടെ പേരും ഉയർന്നുകേട്ടിരുന്നു.

 

കഴിഞ്ഞ ദിവസമാണ് കെ പി രമണിക്കെതിരെ എം വി ജയരാജൻ രംഗത്തുവന്നത്. രമണി ശ്രീകണ്ഠാപുരം പാർട്ടി ഓഫീസിൽ നിന്ന് പലതവണ ചോറുണ്ടിട്ടുണ്ടെന്നും അതുകൊണ്ട് ചോറിന്റെ കണക്ക് പറയണ്ടായിരുന്നു എന്നുമാണ് എം വി ജയരാജൻ പറഞ്ഞത്. രമണിയെ പുറത്താക്കിയത് ടി കെ ഗോവിന്ദന്റെ കൂടെ യുഡിഎഫ് വേദിയിൽ എത്തിയതിനാണ്. രമണിയുടേത് ചോറിന്റെ കൂറല്ല, മറിച്ച് രാഷ്ട്രീയ കൂറാണെന്നും ജയരാജൻ വിമർശിച്ചിരുന്നു. യുഡിഎഫ് വേദിയിൽ എത്തിയതിന് പിന്നാലെ കെ പി രമണി നടത്തിയ പരാമർശത്തിന് മറുപടി പറയുകയായിരുന്നു എം വി ജയരാജൻ. താന്‍ മാഷിന്റെ ചോറാണ് തിന്നുന്നതെന്നും പാര്‍ട്ടിയുടെ ചോറ് തിന്നിട്ടില്ലെന്നുമായിരുന്നു കെ പി രമണി പറഞ്ഞത്.