KSRTC ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു; ബസ് ജീവനക്കാരുടെയും നഴ്സുമാരുടെയും ഇടപെടലില്‍ പുതുജീവന്‍

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ബസ് ജീവനക്കാരുടെയും സ്വകാര്യ ആശുപത്രി നഴ്സുമാരുടെയും ഇടപെടലില്‍ പുതുജീവന്‍. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടി സ്വര്ണ്ണഗദയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മേലെ അഗളിയില്‍ എത്തിയപ്പോളാണ് യാത്രക്കാരി കുഴഞ്ഞുവീണത്.കള്ളമല സ്വദേശിയായ യുവതിയാണ് കുഴഞ്ഞുവീണത്. ബസില്‍ ഉണ്ടായിരുന്ന അഗളി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രിയിലെ നഴ്സുമാരായ മിനി സന്തോഷ്, അമ്പിളി പി സി , ആഷ സാജു, വിഷ്ണുപ്രിയ എന്നിവര്‍ ചേര്‍ന്ന് ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്കി. പിന്നാലെ അതിവേഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ യുവതിയെ അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ബസ് യാത്രയ്ക്കിടെ യുവതി തനിക്ക് തലകറങ്ങുന്നതായി സഹയാത്രികയായ നഴ്സ് അമ്പിളിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അമ്പിളിയുടെ ചുമലിലേക്ക് തലചായ്ച്ച് കിടക്കുകയും ചെയ്തു. പിന്നീട് തട്ടിവിളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന യുവതിയുടെ തല മുന്നിലേ സീറ്റിലേക്ക് പെട്ടെന്ന് ഇടിക്കുകയും ചെയ്തു. അമ്പിളിക്കൊപ്പം മറ്റ് മൂന്ന് നഴ്സുമാരും ബസിലുണ്ടായിരുന്നു. നാലു പേരും ചേര്‍ന്ന് യുവതിക്ക് പ്രഥമ ശുശ്രൂശ നല്കി. അവശയായ യുവതിക്ക് സിപിആര്‍ നല്കി. ശേഷം ബസ് ജീവനക്കാരോട് സമീപമുള്ള ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇടുങ്ങിയ വഴിയിലൂടെ പ്രയാസപ്പെട്ടാണ് ബസ് ആശുപത്രി വാതിൽക്കല് എത്തിച്ചത്. തുടര്‍ന്ന് യുവതിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

