എഴുതാനുമറിയില്ല, വായിക്കാനുമറിയില്ല: ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ നില ദയനീയമെന്ന് റിപ്പോർട്ട്
1 min read

ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളുടെ നില അതീവ ദയനീയമെന്ന് ബിബിസി റിപ്പോർട്ട്. പഠിക്കാനെത്തുന്നതിൽ ഭൂരിപക്ഷം വിദ്യാർഥികൾക്കും ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ലെന്നാണ് ചാനൽ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നത്. ക്ലാസിൽ അധ്യാപകർ പഠിപ്പിക്കുന്നത് എന്തെന്ന് മനസിലാക്കാതെയാണ് പലരും ഇരിക്കുന്നതെന്നും ഹോം വർക്ക് അടക്കം പണം നൽകി മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നുവെന്നുമാണ് കണ്ടെത്തൽ.ബിബിസി നടത്തിയ ‘ഫയൽ നമ്പർ ഫോർ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്
വിദ്യാർഥികൾ അധ്യാപകർ പറയുന്നത് മനസ്സിലാക്കാൻ ക്ലാസിൽ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്നു, അസൈൻമെന്റ് തയ്യാറാക്കാൻ പലരും പണം നൽകി ബാഹ്യസഹായം തേടുന്നു, ചിലർ ഹാജർ രേഖപ്പെടുത്താൻ പോലും കാശുകൊടുത്ത് ആളെ നിയോഗിക്കുന്നു- എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് സർവകലാശാല വിദേശ വിദ്യാർഥികളെ സംബന്ധിച്ച് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.യുകെയിൽ മാസ്‌റ്റേഴ്‌സ് വിദ്യാർഥികളിൽ പത്തിൽ ഏഴും വിദേശത്തുനിന്നാണ്. വിദേശ വിദ്യാർഥികളിൽനിന്ന് അമിത ഫീസ് വാങ്ങി ഇംഗീഷ് പരിജ്ഞാനംപോലും പരിഗണിക്കാതെ പ്രവേശനം നൽകുകയാണെന്ന് സർവകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനയായ യൂണിവേഴ്‌സിറ്റി ആൻഡ് കോളേജ് യൂണിയനും വിദ്യാർഥികളും പ്രതികരിച്ചു. അതേസമയം ബ്രിട്ടീഷ് സർവകലാശാലകളുടെ സംഘടന ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ഈ ആരോപണം നിഷേധിച്ചു.
