നേതാജി സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രദീപൻ തൈക്കണ്ടിക്കും, എം അബ്ദുൽ മുനീറിനും, സി പ്രമോദിനും പുരസ്‌കാരം

കണ്ണൂർ : കണ്ണൂർ കേന്ദ്രമായി ഒരു പതിറ്റാണ്ട് കാലമായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ച് വരുന്ന നേതാജി പബ്ലിക് ഫൗണ്ടേഷന്റെ നേതാജി സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയവരെയാണ് നേതാജി സ്മാരക പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നതെന്ന് നേതാജി പബ്ലിക് ഫൗണ്ടേഷൻ ചെയർമാൻ തെങ്കാശി എസ് കറുപ്പ സ്വാമിയും പുരസ്കാര നിർണയ സമിതി ചെയർമാൻ ബി റഫീക്കും അറിയിച്ചു
മികച്ച മാധ്യമ പ്രവർത്തകർക്കുള്ള നേതാജി മാധ്യമ ശ്രേഷ്ഠ പുരസ്കാരത്തിന് സുദിനം കണ്ണൂർ ബ്യൂറോ ചീഫ് എം അബ്ദുൽ മുനീറിനെയും ഗ്രാമിക ടിവി കണ്ണൂർ ചീഫ് ക്യാമറമാൻ സി പ്രമോദിനെയും തെരഞ്ഞെടുത്തു.
മികച്ച മനുഷ്യാവകാശ പ്രവർത്തകനുള്ള നേതാജി കാരുണ്യ ശ്രേഷ്ഠ പുരസ്കാരത്തിന് ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടിയെയും മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നേതാജി കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് ട്രാൻസ്ജന്റർ ആക്റ്റീവിസ്റ്റും സി വൈ ഡി എ സംസ്ഥാന പ്രോഗ്രാം എക്സിക്യൂട്ടീവ് സന്ധ്യാ കണ്ണൂരിനെയും
മികച്ച സ്വയം സംരംഭകനുള്ള നേതാജി സാന്ത്വന ശ്രേഷ്ഠ പുരസ്കാരത്തിന് പടന്നപ്പാലത്തെ ദേവരാജിനെയും തെരഞ്ഞെടുത്തു.
ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
നേതാജിയുടെ ജന്മദിനമായ ജനുവരി 23 ന് രാവിലെ 11 മണിക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ റെയിൻബോ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര പുരസ്കാരങ്ങൾ വിതരണം ചെയ്യും. കോർപ്പറേഷൻ കൗൺസിലർ അഡ്വ. അർച്ചന വണ്ടിച്ചാൽ വസ്ത്ര വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ഷക്കീർ അതിഥിയാകും.ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി മനോജ് കുമാർ നേതാജി അനുസ്മരണ പ്രഭാഷണം നടത്തും. നേതാജി ഫൗണ്ടേഷൻ ചെയർമാൻ തെങ്കാശി എസ് കറുപ്പ സ്വാമി അധ്യക്ഷത വഹിക്കും.ജയന്തി ആഘോഷത്തിന്റെ ഭാഗമായി 150 ഓളം പേർക്ക് ഭക്ഷണ വിതരണം, വസ്ത്ര വിതരണം എന്നിവയുമുണ്ടാകും.

