February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

നെയ്യാറ്റിൻകര ഗോപന്‍റെ സംസ്കാരം പൂർത്തിയായി; അടക്കിയത് പുതിയ കല്ലറയിൽ, നേതൃത്വം നൽകി ചെങ്കൽ ക്ഷേത്ര മഠാധിപതി

1 min read
SHARE

വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരം പൂർത്തിയായി. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ. ചെങ്കൽ ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായ ​ഗോപന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്ന് നാമജപ ഘോഷയാത്രയോടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.

അടക്കാനായി നേരത്തെ നിർമ്മിച്ച സമാധിത്തറ പൊളിച്ചുനീക്കി പുതിയ സമാധിത്തറ ഉണ്ടാക്കിയിരുന്നു. ‘ഋഷിപീഠം’ എന്ന പേരിലാണു പുതിയ മണ്ഡപം അറിയപ്പെടുക. അതേസമയം, ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. അടുത്ത ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.

 

ഇന്നലെ അതിരാവിലെയാണ് ​ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബം മൃതദേഹം പുറത്ത് എടുക്കുന്നതിനെതിരെ ഹൈക്കോടതി വരെ പോയെങ്കിലും കോടതി അന്വേഷണം മുന്നോട്ട് പോകാനായി കല്ലറ തുറക്കാൻ അനുമതി നൽകുകയായിരുന്നു. രാവിലെ 9 മണിയോടെ പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അതേസമയം, പോസ്റ്റ്‍മോർട്ടത്തിൽ പ്രാഥമിക ഘട്ടത്തിൽ അസ്വാഭാവികത ഇല്ലെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്.

ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി പുറത്ത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. അതേ സമയം, സമാധി വിഷയത്തിൽ പ്രതിഷേധം നടക്കവെ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഗോപന്റെ മകന്‍ സനന്തന്‍ മാപ്പു പറഞ്ഞു. ദുരൂഹത നിങ്ങാൻ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി ഇനി കിട്ടേണ്ടതുണ്ടെന്നും പൊലീസ് നടപടി നിയമാനുസൃതമായിരുന്നുവെന്നും നെയ്യാറ്റിൻകര സിഐ പറഞ്ഞു.