ബജറ്റ് ദരിദ്രർക്കെതിരായ നിശബ്ദ സമരം’; സർക്കാരിനെതിരെ സോണിയ ഗാന്ധി
1 min readരണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിനെതിരെ സോണിയാ ഗാന്ധി. ബജറ്റ് പാവപ്പെട്ടവർക്കെതിരായ നിശബ്ദ സമരമെന്ന് വിമർശനം. സമ്പന്നരായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ഭരണം നടത്തുന്നതെന്നും സോണിയ ഗാന്ധി. ‘ഇന്ത്യൻ എക്‌സ്പ്രസിന്’ നൽകിയ അഭിമുഖത്തിലാണ് വിമർശനം.ബജറ്റിൽ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കുമുള്ള വിഹിതം വെട്ടിക്കുറച്ച് സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. 2018നെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഗണ്യമായി കുറഞ്ഞുവെന്നാണ് നാല് വർഷത്തിനിടയിലെ വിലവർദ്ധനവ് അർത്ഥമാക്കുന്നത്. മോദി സർക്കാരിന്റെ സ്വകാര്യവൽക്കരണം ദേശീയ സ്വത്തുക്കൾ കുറഞ്ഞ വിലയ്ക്ക് സ്വകാര്യ കൈകൾക്ക് കൈമാറിയെന്നും അതുവഴി തൊഴിലില്ലായ്മ വർധിക്കുന്നുണ്ടെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
കോടിക്കണക്കിന് ദരിദ്രരും ഇടത്തരക്കാരുമായ ഇന്ത്യക്കാർ അധ്വാനിച്ചുണ്ടാക്കിയ പണം അപകടത്തിലാക്കി. തങ്ങളുടെ സമ്പന്നരായ സുഹൃത്തുക്കളുടെ ഉടമസ്ഥതയിലുള്ള മാനേജ്‌മെന്റ് കമ്പനികളിൽ നിക്ഷേപിക്കാൻ സർക്കാർ പോലും എൽഐസി, എസ്ബിഐ തുടങ്ങിയ പൊതുസ്ഥാപനങ്ങളെ നിർബന്ധിക്കുകയാണെന്നും സോണിയ പറഞ്ഞു. സർക്കാരിൻ്റെ തെറ്റായ നടപടികളെ ഒറ്റക്കെട്ടായി എതിർക്കുകയും ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം സൃഷ്ടിക്കുകയും ചെയ്യേണ്ടത് സമാന ചിന്താഗതിയുള്ള പാർട്ടികളുടെ കടമയാണെന്നും സോണിയ ഗാന്ധി തന്റെ ലേഖനത്തിൽ കുറിച്ചു.