ഇന്‍ഫോസിസിലെ ജോലി രാജിവെച്ച നിവിന്‍ പോളി, ഒറ്റയ്ക്ക് വഴിവെട്ടി എത്തിയത് സൂപ്പർതാര പദവിയിലേക്ക്

1 min read
SHARE

മലയാളത്തിന്റെ സൂപ്പര്‍താരം നിവിന്‍ പോളിയുടെ ജന്മദിനമാണ് ഇന്ന്. 1984 ഒക്ടോബര്‍ 11 ന് ജനിച്ച നിവിന്‍ പോളി തന്റെ 40-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 1983, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിന് 2014 ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് നിവിന്‍ പോളി. സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത നടനാണ് നിവിന്‍ പോളി.

എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ നിവിന്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്നു. ഇക്കാലയളവിലാണ് റിന്നയെ വിവാഹം കഴിച്ചത്.എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ് നിവിനെയും റിന്നയെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. ഇന്‍ഫോസിസിലെ ജോലി രാജിവച്ച് സിനിമയിലേക്ക് ഇറങ്ങാന്‍ നിവിന്‍ ആഗ്രഹിച്ചപ്പോള്‍ എങ്ങുനിന്നും എതിര്‍പ്പുകള്‍ നേരിട്ടു.

വീട്ടിലുള്ളവരെല്ലാം നിവിനെ തീരുമാനത്തെ ചോദ്യം ചെയ്തു. അതില്‍ മാതാപിതാക്കള്‍ അടക്കം ഉണ്ടായിരുന്നു. മാസം സ്ഥിരമായി നല്ല ശമ്പളം കിട്ടുന്ന ജോലി സിനിമയ്ക്കായി രാജിവയ്ക്കണോ എന്നാണ് അന്ന് എല്ലാവരും ചോദിച്ചത്. എല്ലാവരും എതിര്‍ത്തപ്പോഴും റിന്ന നിവിനൊപ്പം നിന്നു. ഭര്‍ത്താവിന്റെ താല്‍പര്യത്തിനൊപ്പമായിരുന്നു റിന്ന. സ്വന്തം സ്വപ്നത്തിനുവേണ്ടി ഇഷ്ടമുള്ളത് ചെയ്യാന്‍ ഒപ്പമുണ്ടെന്ന് റിന്ന പറയുകയായിരുന്നു. ജീവിതപങ്കാളിയില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് പിന്നീട് നിവിന്‍ പോളിയെ സിനിമയിലെത്തിച്ചത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളിയുടെ സിനിമാ അരങ്ങേറ്റം. തട്ടത്തിന്‍ മറയത്ത്, പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ്, മൂത്തോന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നേരം, ഓം ശാന്തി ഓശാന, ആക്ഷന്‍ ഹീറോ ബിജു, ലൗ ആക്ഷന്‍ ഡ്രാമ, കനകം കാമിനി കലഹം, മഹാവീര്യര്‍, സാറ്റര്‍ഡെ നൈറ്റ്, രാമചന്ദ്ര ബോസ്, തുറമുഖം, രാമചന്ദ്ര ബോസ് ആന്റ് കോ, വര്‍ഷങ്ങള്‍ക്കു ശേഷം, മലയാളി ഫ്രം ഇന്ത്യ എന്നിവയാണ് നിവിന്‍ പോളിയുടെ ശ്രദ്ധേയമായ സിനിമകള്‍.ആലുവയിലാണ് താരത്തിന്റെ ജനനം. നിര്‍മാതാവ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റിന്ന ജോയ് ആണ് നിവിന്റെ ജീവിതപങ്കാളി. രണ്ട് മക്കളുണ്ട്.