ഒമിക്രോൺ വകഭേദം: ‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല, കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചത്’: ആരോഗ്യമന്ത്രി.
1 min read

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വീണ ജോർജ് വ്യക്തമാക്കി.
ലോകത്ത് പടർന്ന് പിടിക്കുന്ന കൊവിഡ് വകഭേദം കേരളത്തിലും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ JN.1 എന്ന വകഭേദമാണ് ജനിതക പരിശോധനയിൽ കേരളത്തിൽ കണ്ടെത്തിയത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തിൽ JN.1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്.
കേസുകൾ കുറഞ്ഞതോടെ രാജ്യത്ത് കൊവിഡ് വൈറസുകളുടെ ജനിതകവ്യതിയാനം പരിശോധിക്കുന്നതും കുറഞ്ഞിരുന്നു. ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ നല്ല ഒരു പങ്കും JN.1 വകഭേദമെന്നാണ് കണക്ക്. ഇതിനിടെയാണ് സംസഥാനത്തും JN.1 റിപ്പോർട്ട് ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ഫലം വരുന്നതേയുള്ളൂ. നേരത്തെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയ യാത്രക്കാരനിൽ JN.1 കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിരുന്ന XBB വകഭേദത്തെ അപേക്ഷിച്ച് JN.1ന് വ്യാപനശേഷി കൂടുതലാണ്.
വാക്സിനിലൂടെയോ ഒരിക്കൽ രോഗം വന്നത് കൊണ്ടോ ആർജ്ജിച്ചെടുത്ത പ്രതിരോധശേഷിയെ JN.1 മറികടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ പഠനങ്ങളെന്ന് ഐഎംഎ കേരള റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ ചൂണ്ടിക്കാട്ടുന്നു. നവംബർ മുതൽ കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. ഐഎംഎയുടെ കണക്കുകൾ പ്രകാരം, നവംബറിൽ ഇൻഫ്ലുവൻസ വൈറസ് ബാധ സംശയിച്ച് ടെസ്റ്റ് ചെയ്ത് ഫ്ലൂ നെഗറ്റീവായവരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ ഏഴ് ശതമാനം പേർക്കാണ്
കൊവിഡ് കണ്ടെത്തിയത്.
ഒക്ടോബർ, സെപ്റ്റംബർ മാസങ്ങളിൽ ഇത് ഒരു ശതമാനമായിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 1324 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. വ്യാപനശേഷി കൂടുതലായ JN.1 പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിൽ, കേരളം ജാഗ്രത കടുപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
