പത്തനംതിട്ട പൊലീസ് സ്റ്റേജിൽ കയറി ഡിജെ കലാകാരന്റെ ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ചു”; നടപടിയുണ്ടാകും, ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

അഭിരാമിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭിരാമിന് ഉറപ്പ് നൽകി. അല്പം മുമ്പായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അഭിരാമിന് ഫോൺ എത്തിയത്.
പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി. സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പൊലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.
പത്തനംതിട്ട പോലീസ് അതിക്രമം അന്വേഷണം പ്രഖ്യാപിച്ചുവെന്ന് ഡിജിപി രവാഡ ചന്ദ്രശേഖർ അറിയിച്ചു. എന്താണ് നടന്നതെന്ന് പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികൾ നടന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചിട്ടുള്ളത്. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും.ഉചിതമായ നടപടിയെടുക്കുമെന്നും ഡിജിപി രവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
പൊലീസിന്റെ അതിക്രമത്തിൽ ഡിജെ കലാകാരൻ അഭിരാം സുന്ദറിന്റെ ലാപ്ടോപ്പ് ഉൾപ്പെടെ തകർന്നിരുന്നു. പൊലീസിന്റെ അതിക്രമത്തിൽ പരാതിയുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നാണ് ഡിജെ കലാകാരൻ അഭിരാം സുന്ദർ പറയുന്നത്. തനിക്ക് നീതി കിട്ടണമെന്നും കേരള പൊലീസ് തനിക്ക് ഒരു ലാപ്ടോപ്പ് വാങ്ങിത്തരണമെന്നും അഭിരാം പറഞ്ഞു. തനിക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും അഭിരാം ആവശ്യപ്പെട്ടു.
ആഘോഷ പരിപാടികൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്റ്റേജിലേക്ക് കയറിയ പൊലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങൾ അടക്കം അഭിരാം സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് പൊലീസ് അതിക്രമത്തിൽ തകർന്നതായാണ് അഭിരാം സുന്ദറിന്റെ ആരോപണം. അടി ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പത്തനംതിട്ട പൊലീസിന്റെ വിശദീകരണം.

