ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്ന്; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി

1 min read
SHARE

ചേർപ്പ് (തൃശൂർ) • ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്നതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് മകൻ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ ജോയിയാണ് (60) മരിച്ചത്. മകൻ റിജോയെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് – വെൽഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് 5ന് പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏൽപ്പിച്ച് ഉറങ്ങി. 8.30 ഓടെ റിജോയെ വിളിച്ചെഴുന്നേൽപ്പിച്ചെങ്കിലും വിളിക്കാൻ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തർക്കത്തിലായി. ജോയി ഇത് ചോദ്യം ചെയ്തപ്പോൾ വഴക്ക് ഇവർ തമ്മിലായി. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മർദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റീനയാണ് ജോയിയുടെ ഭാര്യ. മകൾ: അലീന.