March 2025
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
March 19, 2025

മുളകുപൊടി, ചുറ്റിക, ഗ്ലൗസ്; തലയ്ക്കടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവർന്നു; 16കാരി നടത്തിയത് ആസൂത്രിത മോഷണം

1 min read
SHARE

മൂവാറ്റുപുഴ: പതിനാറു വയസ്സുള്ള പെൺകുട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി കടന്നു. വീട്ടമ്മയും സമീപവാസിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ പോലീസ് തന്ത്രപരമായി പിടികൂടി. ആദ്യം കുറ്റം നിഷേധിച്ച പെൺകുട്ടി പോലീസ് ചോദിച്ചതോടെ സമ്മതിച്ചു.മൂവാറ്റുപുഴ പായിപ്ര 12-ാം വാർഡിൽ സൗത്ത് പായിപ്ര കോളനി ഭാഗത്ത് ജ്യോതിസ് വീട്ടിൽ ജലജ (60) യെയാണ് പെൺകുട്ടി മാലയും കമ്മലും മോതിരവും അടക്കമുള്ള ആഭരണങ്ങൾ കൈക്കലാക്കി, തലയ്ക്കു പുറകിൽ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. സഹോദരനോടൊപ്പമാണ് ജലജ താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ചോര വാർന്നൊഴുകിക്കൊണ്ടിരിക്കേ ജലജ പുറത്തിറങ്ങി കരഞ്ഞുവിളിച്ച് നാട്ടുകാരെ കൂട്ടി. ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചു. മുറിവ് ആഴത്തിലുള്ളതായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.നാട്ടുകാർ പറഞ്ഞതനുസരിച്ച് പോലീസ് പെൺകുട്ടിയുടെ വീട്ടുകാരെക്കൊണ്ടുതന്നെ ഫോണിൽ വിളിപ്പിച്ചു. അപ്പോൾ ടൗണിലായിരുന്ന പെൺകുട്ടി ഓട്ടോറിക്ഷയിൽ വീട്ടിലെത്തി. പെരുമറ്റത്തേക്കെന്നു പറഞ്ഞ് പോസ്റ്റ് ഓഫീസ് കവലയിൽനിന്ന് ഓട്ടോ വിളിച്ച പെൺകുട്ടി ഫോൺ വന്നതോടെ പായിപ്രയിലേക്ക് പോയി. അതിനിടെ ഓട്ടോയിലുണ്ടായിരുന്ന ആൺകുട്ടി വാഴപ്പിള്ളി കവലയിൽ ഇറങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കുറ്റകൃത്യത്തിൽ പെൺകുട്ടിയല്ലാതെ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സ്റ്റേഷൻ ഓഫീസർ കെ.എൻ. രാജേഷ്, സബ് ഇൻസ്പെക്ടർ വിഷ്ണുരാജ് എന്നിവരുടെ നേതൃത്വത്തിൽ അതിവേഗം നടത്തിയ അന്വേഷണത്തിൽ ആഭരണങ്ങളിൽ ചിലത് കണ്ടെടുത്തു. പെൺകുട്ടി ഉപയോഗിച്ചതെന്നു കരുതുന്ന ഗ്ലൗസിൽ പൊതിഞ്ഞ് എറിഞ്ഞുകളഞ്ഞ നിലയിൽ വഴിയരികിൽനിന്നാണ് മോതിരവും കമ്മലും പോലീസ് കണ്ടെടുത്തത്.കുറ്റകൃത്യത്തിനുപയോഗിച്ച ചുറ്റികയും മുളകുപൊടിയടക്കമുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കത്തോടെയാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നത് എന്നതിനാൽ പെൺകുട്ടി മുൻപ് ഏതെങ്കിലും കേസിൽ പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ജുവനൈൽ അധികാരികളുടെ പക്കൽ പെൺകുട്ടിയെ ഹാജരാക്കി വിശദമായി മൊഴിയെടുക്കാനുള്ള നടപടിയിലാണ് പോലീസ്.