പാദം സംരക്ഷിക്കാം വീട്ടിൽ തന്നെ; നോക്കാം ഈ അഞ്ച് മാർഗങ്ങൾ

1 min read
SHARE

പാദങ്ങൾ എപ്പോഴും സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. പാദസംരക്ഷണത്തിന് ചില പൊടികൈകൾ നോക്കാം…

മുട്ടയും ചെറുനാരങ്ങയും

മുട്ടയും ചെറുനാരങ്ങയും ആവണക്കെണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്​പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മുന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം.

ഏത്തപ്പഴവും വെണ്ണപ്പഴവും

മൂത്തുപഴുത്ത ഒന്നുവീതം ഏത്തപ്പഴവും വെണ്ണപ്പഴവുമാണ്​ ഇതിന്​ ആവശ്യം. മൂപ്പെത്താത്ത പഴം ഇതിനായി ഉപയോഗിക്കരുത്​. അവയിലെ ആസിഡ്​ സാന്നിധ്യം കാരണം വിപരീത ഫലമുണ്ടാക്കും. ഏത്തപ്പഴം ചെറുകഷ്​ണങ്ങളാക്കി മിശ്രിതമാക്കുക. ഇതിലേക്ക്​ വെണ്ണപ്പഴത്തിന്‍റെ പകുതി ചേർക്കുക. ഇവ രണ്ടും നന്നായി കൂട്ടിച്ചേർക്കുക. മുറുക്കം കുറക്കാൻ അൽപ്പം വെള്ളം ചേർക്കുക. മിശ്രിതം പതയുന്ന രൂപത്തിലാക്കുക. പത്ത്​ മിനിറ്റ്​ സൂക്ഷിച്ച ശേഷം കാലിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന്​ ശേഷം നന്നായി കഴുകി കളയുക. രാത്രിയിൽ ഇത്​ രണ്ടാഴ്​ച തുടരുക.

വാസലീനും വെളിച്ചെണ്ണയും

പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വീതം വാസലീനും വെളിച്ചെണ്ണയും ചേർക്കുക. നന്നായി ​കൂട്ടിച്ചേർത്ത ശേഷം നന്നായി കുഴമ്പ്​ രൂപത്തിലാക്കുക. ഉപയോഗിക്കുന്നതിന്​ മുമ്പായി തണുത്ത സ്​ഥലത്ത്​ അടച്ചുസൂക്ഷിക്കുക. കാലിൽ എല്ലാദിവസവും ഉപയോഗിക്കുക. രണ്ടാഴ്​ച ഇത്​ തുടരുക. കുളിക്കുന്നതിന്​ മുമ്പും ഉറങ്ങാൻ പോകുന്നതിന്​ മുമ്പും ഇവ ഉപയോഗിക്കാം.

തേന്‍

തേൻ ഈർപ്പം നിലനിർത്തുന്ന അണുനാശിനി കൂടിയാണ്. തേൻ രോഗശമന ഔഷധവും മികച്ച ചർമത്തിനുള്ള ഉപാധിയുമാണ്​. ഒരു കപ്പ്​ തേൻ ഒരു ബക്കറ്റ്​ ഇളം ചൂട്​ വെള്ളത്തിൽ ​ചേര്‍ക്കുക. നിങ്ങളുടെ കാലുകൾ അതിൽ 20 മിനിറ്റ്​ മുക്കിവെക്കുക. സ്​പോഞ്ച്​ ഉപയോഗിച്ച്​ കാൽ ശുചിയാക്കുകയും ചെയ്യുക. ഉറങ്ങുന്നതിന്​ മുമ്പ്​ എല്ലാ ദിവസവും ഇത്​ ആവർത്തിക്കുക. ചുരുങ്ങിയത്​ ആഴ്​ചയിൽ രണ്ട്​ ദിവസമെങ്കിലും ചെയ്യാൻ ശ്രമിക്കുക.

ഓട്സ്​ പൊടിയും ഒലിവ്​ എണ്ണയും

ഓട്സ്​ പൊടി പാദം മൃദുവാക്കാൻ ഉപയോഗിക്കാം. ഇവ ഉപയോഗിച്ച്​ കാലിന്‍റെ ​പ്രതലത്തിലെ വിടവുകൾ നികത്താം. ഒലിവ്​ ഓയിൽ ഉപയോഗിക്കുന്നതും നിങ്ങളുടെ കാലിനെ അഴകുള്ളതാക്കും. രണ്ട്​ ടേബിൾ സ്​പൂൺ ഓട്​സ്​ പൊടിയും ഒരു സ്​പൂൺ ഒലിവ്​ ഓയിലും ചേർത്ത്​ മിശ്രിതമാക്കുക. ഒട്ടിപ്പിടിക്കുന്ന പരുവത്തിൽ ആണെങ്കിൽ ഏതാനും തുള്ളി ഒലിവ്​ ഒായിൽ കൂടി ചേർക്കുക. പാദത്തിൽ മുഴുവനായും ഇത്​ പുരട്ടുക. പരുക്കനായി തേച്ചുപിടിപ്പിക്കരുത്​. 20 മിനിറ്റിന്​ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഒരു മാസത്തിനിടെ ഇടക്കിടെ ആവർത്തിക്കുക.