‘എനിക്ക് പോകാൻ വാഹനങ്ങൾ തടയരുത്’: അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത്.
1 min read

ഹൈദരാബാദ്: തന്‍റെ വാഹനത്തിന് കടന്നുപോവാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പാത പിന്തുടർന്നാണ് വാഹനയാത്രയ്ക്ക് ‘സീറോ ട്രാഫിക് പ്രോട്ടോക്കോൾ’ എന്ന പ്രത്യേകാവകാശം ഉപേക്ഷിക്കാൻ രേവന്ത് തീരുമാനിച്ചത്. അകമ്പനി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും രേവന്ത് റെഡ്ഡി നിര്‍ദേശം നല്‍കി.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് തന്‍റെ വാഹന വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 15ൽ നിന്ന് ഒമ്പതായി വെട്ടികുറയ്ക്കാനാണ് രേവന്ത് റെഡ്ഡി നിർദ്ദേശം നൽകിയത്. ഗതാഗതക്കുരുക്ക് പോലുള്ള വിഷയങ്ങളിൽ അവലോകനയോഗം നടത്തിയ മുഖ്യമന്ത്രി, സമഗ്രമായ പരിഹാരമുണ്ടാക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
“എനിക്ക് ജനങ്ങളുടെ ഇടയില്‍ ജീവിക്കാനും അവരുമായി ഇടപഴകാനുമാണ് ആഗ്രഹം. ഞാൻ വീട്ടിലിരിക്കില്ല. ആളുകളുടെ പ്രശ്‌നങ്ങൾ അറിയാനും അവ പരിഹരിക്കാനും അവര്‍ക്കിടയില്‍ തുടരും. എന്‍റെ വാഹനം കടന്നുപോകാനായി വാഹനങ്ങള്‍ തടയുന്നതിനു പകരം ബദല്‍ നിര്‍ദേശങ്ങള്‍ നല്‍കുക”- രേവന്ത് റെഡ്ഡി യോഗത്തില്‍ ആവശ്യപ്പെട്ടു.
ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ തനിക്ക് സന്ദർശനങ്ങൾ നടത്തേണ്ടതുണ്ട്. അതിനാൽ താൻ പോകുന്ന റൂട്ടുകളിൽ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ബദൽ നടപടികൾ സ്വീകരിക്കണമെന്നാണ് രേവന്ത് റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. നേരത്തെ ബിആര്‍എസ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിക്ക് കടന്നുപോകാന്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ ദീര്‍ഘനേരം തടഞ്ഞുവെയ്ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
