ഇരട്ട ഗോളിൽ വരവറിയിച്ച് റൊണാൾഡോ; പോർച്ചുഗൽ യൂറോകപ്പിന് തയ്യാർ

1 min read
SHARE

ലിസ്ബൺ: ക്രിസ്റ്റാനോ റൊണാൾഡോ യൂറോ കപ്പ് 2024 ന് തയ്യാർ. യൂറോകപ്പിന് മുന്നോടിയായി നടന്ന പോർച്ചുഗലിന്റെ അവസാന സന്നാഹ മത്സരത്തിൽ രണ്ട് തകർപ്പൻ ഗോളുകൾ നേടിയാണ് റൊണാൾഡോ യൂറോകപ്പിലേക്കുള്ള തന്റെ വരവറിയിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അയർലൻഡിനെ തോൽപ്പിച്ച പോർച്ചുഗൽ റൊണാൾഡോയ്ക്ക് കീഴിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മത്സരത്തിന്റെ 18 ആം മിനുറ്റിൽ ജാവോ ഫെലിക്സിന്റെ ഗോളിലൂടെ ലീഡ് നേടിയ പോർച്ചുഗൽ 50 ആം മിനുറ്റിൽ റൂബൻ നെവസ് നൽകിയ പാസ്സിൽ റൊണാൾഡോയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. റൊണാൾഡോയുടെ ഗോളടി മികവിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇടം കാലുകൊണ്ടുള്ള ആ സ്ട്രൈക്ക്. പത്ത് മിനുറ്റിന് ശേഷം റൊണാൾഡോ വീണ്ടും വല കുലുക്കി. ജോട നീട്ടി നൽകിയ പന്ത് അനായാസം റൊണാൾഡോ വലയിലേക്കെത്തിച്ചു. ഈ ഗോളോടെ അന്താരാഷ്ട്ര ഫുട്‍ബോളിൽ 130 ഗോളെന്ന വലിയ നേട്ടത്തിലേക്കും താരമെത്തി. കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരെ റൊണാൾഡോയില്ലാതെ ഇറങ്ങിയ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. പരാജയത്തിന് പിന്നാലെ അയര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോയെ കൊണ്ട് വരുമെന്ന് കോച്ച് മാർട്ടിനസ് വ്യക്തമാക്കിയിരുന്നു. അതേ സമയം തന്റെ കരിയറിലെ ആറാമത്തെ യൂറോകപ്പിനാണ് റൊണാൾഡോ തയ്യാറെടുക്കുന്നത്. ജൂൺ 19 നാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. ചെക്ക് റിപ്ലബിക്കാണ് പറങ്കിപടയുടെ ഈ യൂറോകപ്പിലെ ആദ്യ മത്സരത്തിലെ എതിരാളികൾ.

 

WE ONE KERALA- AJ