റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണം; കേന്ദ്രസർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി
1 min read

റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-ഉക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. തൃശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം റഷ്യയിലെ റോസ്തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളീയരായ സന്തോഷ് കാട്ടുകാലയ്ക്കൽ ഷൺമുഖൻ, സിബി സുസമ്മ ബാബു, റെനിൻ പുന്നക്കൽ തോമസ് എന്നിവര്‍ ലുഹാൻസ്‌കിലെ സൈനിക ക്യാമ്പിൽ കുടുങ്ങി കിടക്കുന്നതായും അപകടകരമായ സാഹചര്യങ്ങളിലാണ് ഇവരെന്നും അറിയുന്നു. ഇവരെ രക്ഷിക്കുന്നതിനും അടിയന്തിര ഇടപെടലുകള്‍ വേണം. നിയമവിരുദ്ധ മാർഗങ്ങളിലൂടെയാണ് കേരളീയരായ ഇവര്‍ റഷ്യയിലെത്തിയതെന്നും പിന്നീട് ഇവരെ യുദ്ധമുന്നണിയിൽ വിന്യസിക്കുകയാണെന്നുമാണ് അറിയുന്നത്. അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളും വ്യക്തികളും വഴി ഇത്തരത്തില്‍ എത്ര പേര്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നൂവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
