January 23, 2026

ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തില്‍; ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി.

SHARE

നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പാലാ സബ് കോടതി തള്ളി.അവകാശം ഉന്നയിച്ച 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇതോടെ ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിലായി. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായുള്ള രണ്ടായിരത്തിലേറെ ഏക്കര്‍ ഭൂമിയിലാണ് സര്‍ക്കാര്‍ അവകാശം ഉന്നയിച്ചത്. അയന ചാരിറ്റബിള്‍ ട്രസ്റ്റിന് പുറമെ ഹാരിസണ്‍ മലയാളവും കേസിലെ എതിര്‍ കക്ഷിയാണ്.

സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ അതിനോട് സഹകരിക്കുമെന്നാണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ പ്രതികരണം. വിലയുടെ കാര്യത്തില്‍ മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ.ഭൂമിയുടെ അവകാശവാദം അല്ല , നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടതെന്ന് റവന്യൂമന്ത്രി കെ രാജന്‍ പ്രതികരിച്ചു.

2019ലാണ് ഇതുമായി ബന്ധപ്പെട്ട കേസ് പാലാ സബ് കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയത്. അത് ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു. ഹൈക്കോടതിയില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തടസ ഹര്‍ജി ബിലിവേഴ്‌സ് സഭയുടെ അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയിരുന്നു. അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലായിരുന്നു ഭൂമി ഉണ്ടായിരുന്നത്. ഹാരിസണ്‍ മലയാളത്തിന്റെ പക്കല്‍ നിന്ന് വാങ്ങിയതായിരുന്നു ഈ ഭൂമി. വിമാനത്താവളത്തിന് വേണ്ടി ഈ ഭൂമി ഏറ്റെടുക്കാമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു. അയന കൈവശം വച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ സര്‍ക്കാരിന്റെ സ്വന്തമാണെന്നു കാട്ടി മുന്‍ കോട്ടയം കളക്ടറാണ് കോടതിയെ സമീപിച്ചത്. ഈ നടപടിയുമായി മുന്നോട്ട് പോകുമ്പോഴാണ് അയന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2570 ഏക്കര്‍ ഭൂമി വിമാനത്താവളത്തിന് ആവശ്യമില്ലെന്നുകാട്ടി അയന ട്രസ്റ്റ് ഹൈക്കോടതിയില്‍ നല്‍കിയ മറ്റൊരു കേസില്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കിയിരുന്നു.