സിനിമാക്കാർക്ക് എസ്ഐടിയിലുള്ളവരുമായി സൗഹൃദം, അന്വേഷണത്തിൽ ആശങ്കയെന്ന് സാന്ദ്രാ തോമസ്

1 min read
SHARE

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സിനിമാ മേഖലിലുള്ള ചിലരുടെ അടുത്ത സുഹൃത്തുക്കളുമുണ്ടെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. സിനിമാ മേഖലയിൽ തിരുത്തലുകളാണ് ആവശ്യം. എസ്ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് സൌഹൃദമാണെന്ന് പറയുമ്പോൾ ഭയം തോന്നിയിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു. ‘ഹേമകമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ നടികൾ എങ്ങനെയൊക്കെ ആക്രമിക്കപ്പെട്ടു, പ്രതികൾക്ക് എന്തൊക്കെ ശിക്ഷ ലഭിക്കും എന്നതൊന്നുമല്ല പ്രധാനം. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ എന്ത് തിരുത്തലുകൾ കൊണ്ടുവന്നു എന്നതാണ്. എസ്ഐടി വരുമ്പോഴും പലരും ഭയന്നാണ് ഇരിക്കുന്നത്. എന്റെ മുന്നിൽവെച്ച് തന്നെ സംഘടനയിലുള്ള ചിലർ പറഞ്ഞിട്ടുണ്ട് ‘എസ്ഐടിയിലുള്ള വ്യക്തി അടുത്ത സുഹൃത്താണ്, എന്ത് ആവശ്യമുണ്ടെങ്കിലും അറിയിച്ചാൽ മതി’ എന്ന്. എസ്ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ എങ്ങനെ ഇവരുടെ മുന്നിൽ പോയി നേരിട്ട ദുരനുഭവം പറയുമെന്നാലോചിച്ച് ഭയം തോന്നിയിട്ടുണ്ട്’, സാന്ദ്രാ തോമസ് പറഞ്ഞു. സിനിമാ മേഖലയിൽ തുടങ്ങാനിരിക്കുന്ന സമാന്തര സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനെ കുറിച്ചും സാന്ദ്ര തോമസ് പരാമർശിച്ചു. നിലവിലെ സംഘടനകളിൽ നിന്ന് നീതി ലഭിക്കാതാവുമ്പോഴാണ് പുതിയ സംഘടനകൾ രൂപീകരിക്കപ്പെടുന്നത്. പുതിയ സംഘടന തിരുത്തൽ ശക്തിയാകട്ടെയെന്നാണ് പ്രതീക്ഷ. ഇത്തരം സംഘടനകൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വർഷങ്ങളായി സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് ഇപ്പോഴും തുടരുന്നത്. കാലങ്ങളായി തലപ്പത്തിരിക്കുന്നവർക്കെതിരെ പലർക്കും സംസാരിക്കാൻ പേടിയാണ്. ഈ രീതിക്ക് മാറ്റം വരാൻ തീർച്ചയായും ബദൽ സം​ഘടനകൾ രൂപവത്കരിക്കപ്പെടേണ്ടതുണ്ടെന്നും സാന്ദ്ര വ്യക്തമാക്കി. സംവിധായകരുടെ സംഘടനയിലെ ഭാ​ഗമാണ് ഞാൻ. ഒന്നര ലക്ഷം രൂപ കൊടുത്താണ് സംഘടനയിൽ ചേർന്നത്. ഇവിടെ തിരുത്തലുകൾ സംഭവിക്കട്ടെയെന്ന് തന്നെയാണ് ആ​ഗ്രഹിക്കുന്നത്. ഫെഫ്കയ്ക്ക് മാത്രമുള്ള ബദൽ സംഘടനയല്ല. ഫിലിം മേക്കേഴ്സ് എന്നതാണ് പുതിയ സംഘടന മുന്നോട്ടുവെക്കുന്ന ആശയം. അതിൽ സംവിധായകരോ നിർമാതാക്കളോ മാത്രമല്ല, എഡിറ്റർമാരും ക്യാമറമാൻമാരുമുൾപ്പെടെ എല്ലാവരും വരുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. അതേസമയം പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ താനില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനയുടെ ഭാ​ഗമാകുമ്പോൾ അറിയിക്കുമെന്നും ലിജോ വ്യക്തമാക്കി. അഞ്ജലി മേനോൻ, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളതെന്നായിരുന്നു പുറത്തുവന്ന വിവരം. സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവർത്തകർക്ക് നൽകിയ കത്തിൽ മൂവരുടെയും പേരുണ്ടായിരുന്നു. അതേസമയം താനുമായി സംഘടനാ സംബന്ധമായ ചർച്ചകൾ നടന്നിട്ടില്ലെന്നും നിലവിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഭാ​ഗമല്ലെന്നും സംവിധായകൻ വിനയനും പ്രതികരിച്ചു. റിപ്പോർട്ടർ ടിവിയിലെ കോഫി വിത്ത് അരുൺ പരിപാടിയിലൂടെയായിരുന്നു പ്രതികരണം.‌ എന്നാൽ ഭാവിയിൽ സംഘടനയുടെ പ്രവ‍ർത്തനം നോക്കി ഭാ​ഗമാകണോ എന്ന് തീരുമാനിക്കും. ഒരു സിനിമാ സംഘടന പുതുതായി രൂപികരിക്കുന്നത് എളുപ്പമല്ലെന്നും വിനയൻ പറഞ്ഞു.