കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ ബോര്‍ഡിങ് പാസ്

1 min read
SHARE

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച ദുബൈയിലേക്കു പോകാനെത്തിയ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ ബോര്‍ഡിങ് പാസ്. ഉദ്യോഗസ്ഥരുടെ പിഴവും യാത്ര തിരിക്കേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അഞ്ചു മണിക്കൂറോളം വൈകിയതും പ്രതിഷേധത്തിനിടയാക്കി. വെള്ളിയാഴ്ച ഉച്ചക്ക് 2.45നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈ വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരെയാണ് വിമാനത്താവള അധികൃതരുടെയും വിമാനക്കമ്ബനിയുടെയും നിരുത്തരവാദ സമീപനം വലച്ചത്. 12.30ന് വിമാനത്താവളത്തിലെത്തി എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് പാസ്‌പോര്‍ട്ടിലും ബോര്‍ഡിങ് പാസിലും സീല്‍ ചെയ്തശേഷം സെക്യൂരിറ്റി പരിശോധനക്കു മുമ്ബായാണ് 21 യാത്രക്കാരുടെ പാസില്‍ ശനിയാഴ്ചയിലെ തീയതി രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം നിര്‍ത്തിയശേഷം വീണ്ടും എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിച്ച്‌ ബോര്‍ഡിങ് പാസ് തിരികെ വാങ്ങി വെള്ളിയാഴ്ചത്തെ തീയതി സീല്‍ ചെയ്ത പാസ് നല്‍കുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. ബോര്‍ഡിങ് പാസ് വാങ്ങിയശേഷമാണ് വിമാനം സാങ്കേതിക കാരണങ്ങളാല്‍ വൈകുമെന്ന വിവരം വിമാനക്കമ്ബനി അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. വിസ കാലാവധി തീരുന്നവരടക്കമുള്ള യാത്രക്കാര്‍ ഇതോടെ പ്രതിഷേധവുമായെത്തി. നേരത്തേ അറിയിക്കാത്തത് ചോദ്യംചെയ്തു. ഉദ്യോഗസ്ഥര്‍ ഇടപെട്ട് സാങ്കേതിക കാരണങ്ങളാലാണ് സര്‍വിസ് വൈകുന്നതെന്ന് ബോധ്യപ്പെടുത്തിയാണ് രംഗം ശാന്തമാക്കിയത്. മുഴുവന്‍ യാത്രക്കാരെയും വിമാനത്താവളത്തില്‍തന്നെയിരുത്തി വൈകീട്ട് 7.30നാണ് വിമാനം ദുബൈക്ക് തിരിച്ചത്. യാത്രക്കാര്‍ക്ക് വിമാനക്കമ്ബനി ഭക്ഷണം നല്‍കി. സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍വിസുകള്‍ താളംതെറ്റുന്നത് കരിപ്പൂരില്‍ തുടരുകയാണ്. ഒരാഴ്ചക്കിടെ പത്തോളം സര്‍വിസുകള്‍ മണിക്കൂറുകളോളം വൈകുകയും റദ്ദാക്കുകയും ചെയ്തിരുന്നു. വിസ കാലാവധി തീരുന്നവരടക്കമുള്ളവരുടെ പ്രയാസങ്ങള്‍ പരിഗണിക്കാനോ വൈകുന്ന സര്‍വിസുകള്‍ക്കു പകരം വിമാനമേര്‍പ്പെടുത്താനോ ശ്രമമില്ലാത്തതില്‍ പ്രതിഷേധം ശക്തമാണ്.