ആലപ്പുഴയിൽ അമ്മായിയമ്മയെ കുത്തിക്കൊന്ന് മരുമകൻ, ഗാർഹിക പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം

ആലപ്പുഴയിൽ കുടുംബവഴക്കിനെ തുടർന്ന് അമ്മായിയമ്മയെ കുത്തിക്കൊന്ന് മരുമകൻ. ചാരുംമൂട് ഇടക്കുന്നം സ്വദേശിനി ജയകുമാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ജോജി ജോസഫ് രക്ഷപ്പെട്ടു. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അമ്മ ഇടയ്ക്ക് കയറുകയായിരുന്നു.അതേസമയം, ഗാർഹിക പീഡനത്തിനെതിരെ ജോജി ജോസഫിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. പൊലീസ് നടപടി സ്വീകരിച്ചു എങ്കിൽ കൊലപാതകം നടക്കില്ലായിരുന്നു എന്നും പരിസരവാസികൾ വ്യക്തമാക്കി.രണ്ടുവർഷം മുൻപാണ് പഴവീട് സ്വദേശി ജോജിയുമായുള്ള അർച്ചനയുടെ രജിസ്റ്റർ മാര്യേജ് നടന്നത്. എന്നാൽ നിരന്തരം തന്നെ ഭർത്താവ് ക്രൂരമായ രീതിയിൽ മർദ്ദിക്കുമെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കഴിഞ്ഞമാസം വിളിച്ച് സമാധാനിപ്പിച്ചു വിട്ടു. എന്നാൽ കടുത്ത മദ്യപാനിയായ ഭർത്താവ് ജോജി നിരന്തരം ഉപദ്രവിക്കുമെന്നും തന്നെ കൊലപ്പെടുത്താൻ സാധ്യതയുണ്ട് എന്ന് കാട്ടി നിരവധി പരാതികൾ നൂറനാട് പോലീസിൽ നൽകിയെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായില്ല.ഏറ്റവും ഒടുവിൽ ഈ 19-ാം തീയതി വീട്ടിൽ വീട്ടുതടങ്കലിൽ ആയിരുന്ന പെൺകുട്ടി നിരന്തരം മർദനത്തെ തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട് കഴിഞ്ഞദിവസം നൂറനാട് വീട്ടിലെത്തി പരാതി നൽകിയിരുന്നു. എന്നിട്ടും പൊലീസ് ഇടപെട്ടില്ല. ഇന്ന് പുലർടച്ചയോടെ ഭാര്യ വീട്ടിൽ എത്തിയ ജോജി ഭാര്യയെ അർച്ചനയെ കൊലപ്പെടുത്താൻ കത്തിയുമായി എത്തുകയും ഇത് തടയാൻ മാതാവ് ശ്രമിക്കുകയുമായിരുന്നു. ഇതിനിടയിൽ കുത്തേറ്റ അർച്ചനയുടെ മാതാവ് ജയകുമാരി കൊല്ലപ്പെടുകയായിരുന്നു.

