പഴങ്കഞ്ഞിയാണ് സ്റ്റാർ: ഓർമകളുടെ മാത്രമല്ല, പോഷകങ്ങളുടെ കലവറ കൂടിയാണ് പഴങ്കഞ്ഞി; പഠന റിപ്പോർട്ട് പുറത്ത്

എത്രയൊക്കെ പാശ്ചാത്യ ഭക്ഷണശീലങ്ങളുടെ പിറകെ പാഞ്ഞാലും, മലയാളികളുടെ രുചിമുകുളങ്ങൾ ശരിക്കും കീഴ്പ്പെടുന്നത് വീട്ടിലെ ഭക്ഷണത്തിന് മുന്നിലാണ്; അതിൽ തന്നെ നൊസ്റ്റാൾജിയ അടിപ്പിക്കുന്ന ഒരു ഐറ്റമേ ഉള്ളൂ – പഴങ്കഞ്ഞി. സ്വാദും ഒരുകൂട്ടം ഓർമകളും മാത്രമല്ല, പഴങ്കഞ്ഞി ശരീരത്തിന് നൽകുന്നത്. മലയാളികളുടെ ഈ പ്രിയപ്പെട്ട ആഹാരം പോഷകമൂല്യങ്ങളുടെ കലവറയാണെന്നാണ് ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിലെ പഠനം പറയുന്നത്.
സാധാരണ നമ്മൾ കഴിക്കുന്ന ചോറിനേക്കാൾ പഴങ്കഞ്ഞിയിൽ നാരുകളുടെ അളവിൽ 631 ശതമാനം കൂടുതലാണെന്നാണ് ലാബിലെ വിശകലന റിപ്പോർട്ടുകൾ പറയുന്നത്. അന്നജം 270 ശതമാനവും പ്രോട്ടീന്‍റെ അളവ് 24 ശതമാനവും അധികമാണെന്നും ലാബ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ചില കാൻസറുകൾ എന്നിവക്ക് തടയിടാൻ ഈ നടൻ ഭക്ഷണം ബെസ്റ്റാണ്. ഇരുമ്പ്, സിങ്ക്, സെലിനിയം, ബി-കോംപ്ലക്സ് വിറ്റാമിൻ എന്നിവയുടെ അളവും ഇവയിൽ ആവശ്യത്തിന് അടങ്ങിയിരിക്കുന്നു. ദോഷകരമായ കൊഴുപ്പുകളും വിഷവസ്തുക്കളും പുറന്തള്ളാൻ കരളിനെ സഹായിക്കുന്ന ഇവൻ, രക്തത്തിലെ ലിപിഡിന്റെ അളവ് കുറയ്ക്കുന്നതിനും കാരണമാകുന്നു.
ഗർഭിണികൾക്കും പഴങ്കഞ്ഞി ഉത്തമ ആഹാരമാണ്. ഭ്രൂണവളർച്ച മെച്ചപ്പെടുത്തുന്നതിനൊപ്പം ഗർഭകാല പ്രമേഹവും ഈ സമയത്തുണ്ടാകുന്ന രക്തസമ്മർദ്ദവും കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ചെന്നൈ സ്റ്റാൻലി ആശുപത്രിയിലെ ജീവിതശൈലി രോഗഗവേഷണവകുപ്പും ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി വിഭാഗവും ചേർന്ന് നടത്തിയ പഠനത്തിലാണ് പഴങ്കഞ്ഞിയുടെ ഗുണങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ശാസ്ത്രീയമായി പോഷകമൂല്യം കണ്ടെത്തിക്കഴിഞ്ഞിട്ടുള്ള പഴങ്കഞ്ഞി ദാരിദ്ര്യത്തിൻ്റെ ലക്ഷണമായി കാണരുതെന്നും ഇതിൻ്റെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും പഠന റിപ്പോർട്ട് പുറത്തിറക്കി ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു

