May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 14, 2025

പി.ടിയെ ആദ്യമായി കണ്ട ദിവസം ഇന്നലെ പോലെ, ഇപ്പോഴും കയ്യിൽ മുറുകെ പിടിച്ച് നടത്തുന്നുണ്ട്’: ഉമാ തോമസ്

1 min read
SHARE

പി ടി തോമസ് ഓർമയായിട്ട് ഇന്നേക്ക് മൂന്ന് വർഷം. പിടിയുടെ വിയോഗത്തിന്‍റെ മൂന്നാം വാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി പിടി തോമസിന്‍റെ ഭാര്യയും തൃക്കാക്കര എംഎൽഎയുമായ ഉമ തോമസ് രംഗത്തെത്തി. പി.ടി ഈ ലോകത്തിൽ നിന്നും ഇല്ലാതായിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു എന്ന് വിശ്വസിക്കാനേ കഴിയുന്നില്ലെന്നും തന്‍റെ കയ്യിൽ മുറുകെ പിടിച്ചു എന്നെ മുന്നോട്ടു വഴി നടത്തുന്നത് പി.ടിയാണെന്നും ഉമതോമസ് ഫേസ്ബുക്കിൽ കുറിച്ചു.

2021 ഡിസംബർ 22നാണ് പിടി തോമസ് അന്തരിച്ചത്. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു.

മൂന്ന് വർഷങ്ങൾ എത്ര വേഗം കടന്നു പോയിരിക്കുന്നു. പി.ടി ഈ ലോകത്തിൽ നിന്നും ഇല്ലാതായിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. പി.ടിയെ ആദ്യമായി കണ്ട ദിവസം ഇന്നലത്തെ പോലെ എന്‍റെ മനസ്സിലുണ്ട്. മഹാരാജാസിലെ കെഎസ്‍യു വിദ്യാർത്ഥി പ്രവർത്തകയായിരുന്നപ്പോൾ, പി.ടി ക്യാമ്പസിലേക്കു വരുന്നുണ്ട് എന്നറിഞ്ഞാൽ പി.ടിയെ കാണാൻ കേൾക്കാൻ എല്ലാവരും ഒത്തു കൂടും. അക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു, അത്ഭുതത്തോടെ പി.ടിയുടെ മനോഹരമായ പ്രസംഗങ്ങൾ കേട്ട് നിന്നിട്ടുണ്ട്.

ആ പി.ടിയുടെ ജീവിത സഖിയായി ജീവിച്ചു കൊതി തീരും മുന്നെ, എന്നെ തനിച്ചാക്കി യാത്ര പറഞ്ഞു പോയി. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ പലരും ചോദിക്കും പ്രത്യേകിച്ച് പി.ടി യുടെ വിശേഷ ദിവസങ്ങളിൽ;പി.ടി യെ ഓർമിക്കുമ്പോൾ എന്താണ് പറയുവാനുള്ളത് എന്ന് ? അപ്പോൾ ഞാൻ പുഞ്ചിരിയോടെ പറയും; “മറക്കുമ്പോൾ അല്ലേ ഓർത്തെടുക്കേണ്ടതുള്ളൂ ?” പി ടി എന്‍റെ കൂടെ തന്നെയുണ്ട്, എന്‍റെ കയ്യിൽ മുറുകെ പിടിച്ചു എന്നെ മുന്നോട്ടു വഴി നടത്തുന്നത് പി.ടിയാണ്. എന്നെയും, നമ്മുടെ കുട്ടികളെയും എന്നും പ്രോജ്വലിപ്പിക്കുന്ന ശക്തി പി. ടി തന്നെയാണ്. പ്രിയതമന്‌ ഈ ഓർമ്മ ദിവസം എന്‍റെ ഒരായിരം സ്നേഹ ചുംബനങ്ങൾ- ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.