മിമിക്രി പരിപാടിയിലൂടെ അപമാനിച്ചെന്ന് പരാതി: സുരാജ് വെഞ്ഞാറമൂടിനെതിരായ ഹർജി തള്ളി
1 min readകൊച്ചി: സ്വകാര്യ ചാനലിലെ മിമിക്രി പരിപാടിയിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സംവിധായകൻ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഹർജി നിലനിൽക്കുന്നതല്ലെന്നും വിലയിരുത്തിയാണ് ജസ്‌റ്റിസ് എൻ നഗരേഷ് തള്ളിയത്. 2018ൽ സംപ്രേഷണം ചെയ്‌ത മിമിക്രി പരിപാടിയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സന്തോഷ് പണ്ഡിറ്റ് ഹർജി നൽകിയിരുന്നു. എന്നാൽ, സ്വകാര്യ അന്യായത്തിൽ കേസ് എടുക്കാനാകില്ലെന്ന് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മജിസ്‌ട്രേട്ട് കോടതി ഉത്തരവിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അനുകരണകല വ്യക്തിത്വത്തെ അപമാനിക്കുന്നതല്ലെന്നും സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചതെന്നും ആൾമാറാട്ടമാണെന്ന ആരോപണം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.