തളിപ്പറമ്പ്: ബസുകളുടെ മത്സരയോട്ടവും വിദ്യാർഥികളോടുള്ള അവഗണനയും; യൂത്ത് ലീഗ് ആർ.ടി.ഒയ്ക്ക് നിവേദനം നൽകി.

തളിപ്പറമ്പ് മേഖലയിലെ സ്വകാര്യ ബസുകളുടെ അപകടകരമായ മത്സരയോട്ടം നിയന്ത്രിക്കണമെന്നും വിദ്യാർഥികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സബ് റീജ്യനൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി. റോഡുകളിൽ ഭീതി പരത്തുന്ന രീതിയിലുള്ള ബസുകളുടെ ഓട്ടം നിത്യകാഴ്ചയാവുകയും വലിയ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി.
വിദ്യാർഥികളോട് ബസ് ജീവനക്കാർ കാട്ടുന്ന വിവേചനം അതിരുകടക്കുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ കയറ്റാതെ വിദ്യാർഥികളെ പുറത്തുനിർത്തുന്ന രീതി പതിവായിട്ടുണ്ട്. ബസുകൾ സ്റ്റാൻഡിൽ നിന്ന് പുറപ്പെടുമ്പോൾ മാത്രമാണ് പലപ്പോഴും വിദ്യാർഥികളെ കയറ്റുന്നത്. ഇത് ജീവൻ പണയപ്പെടുത്തി ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് വിദ്യാർഥികൾക്ക് ഓടിക്കയറേണ്ട അവസ്ഥയുണ്ടാക്കുന്നു. ചില ബസുകൾ വിദ്യാർഥികളെ പൂർണ്ണമായും ഒഴിവാക്കി പോകുന്നതായും പരാതിയുണ്ട്.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ആർ.ടി.ഒ ഷാനവാസ് കരീമിനാണ് നിവേദനം സമർപ്പിച്ചത്. പരാതിയിൽ കൃത്യമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അഷ്റഫ്, പി.എ. ഇർഫാൻ, സി.കെ. മദനി, കെ.എസ്. റഫീഖ്, സി.പി. നൗഫൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

