‘മാഷാ അള്ളാ’ തന്ത്രം തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലും സിപിഐഎം കൈക്കൊണ്ടു’; ഷാഫി പറമ്പില്‍
1 min readഒഞ്ചിയം: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഷാഫി പറമ്പിൽ ഞായറാഴ്ച ഒഞ്ചിയം നെല്ലാച്ചേരി ടി പി ഹൗസിലെത്തി ടി പി ചന്ദ്രശേഖരന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതും ഇവിടെ വെച്ചായിരുന്നു. ആര്‍എംപിഐ -യുഡിഎഫ് പ്രവർത്തകരും വലിയ ജനാവലിയും ചേർന്ന് നൽകിയ സ്വീകരണത്തിൽ കെ കെ രമ എം എൽ എ ഷാഫിയെ മാലയിട്ട് സ്വീകരിച്ചു. വടകരയിലെ മികച്ച വിജയം, കൊല ചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്‍റെ സ്മരണയിൽ പൂത്തുലഞ്ഞതാണെന്ന് ഷാഫി പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരേയും വർഗീയപ്രചാരണത്തിനെതിരേയും ജനങ്ങൾ നൽകിയ ജനാധിപത്യവിജയമാണ് വടകരയിലേത്. സിപിഐഎം നടത്തുന്ന ഏത് ക്രിമിനൽ പ്രവർത്തനങ്ങളെയും പാർട്ടിനേതൃത്വം ഏറ്റെടുത്ത് പോകുന്ന നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ഷാഫി വ്യക്തമാക്കി. ടി പി കൊലചെയ്യപ്പെട്ട നിമിഷം പ്രചരിപ്പിച്ച ‘മാഷാ അള്ളാ’ എന്ന തന്ത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലും സിപിഐഎം കൈക്കൊണ്ടതെന്ന് ഷാഫി ആരോപിച്ചു. ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ, കോട്ടയിൽ രാധാകൃഷ്ണൻ, അമൽജിത്ത്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി ശ്രീജിത്ത്, കുളങ്ങര ചന്ദ്രൻ, ടി കെ സിബി, എൻ പി ഭാസ്കരൻ, ഏറാമല പഞ്ചായത്ത് പ്രസിഡൻറ് ടി പി മിനിക, ടി കെ വിമല, ജലജാ വിനോദൻ, ടി കെ അനിത തുടങ്ങിയവർ പങ്കെടുത്തു.