കാൽപന്തിന്റെ മുത്ത്: ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർ

1 min read
SHARE

ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് ഇന്ന് 56 വയസ്. കേരള പൊലീസിന്റെയും കേരള ഫുട്ബാളിന്റെയും സുവർണ കാലത്ത് പന്തു തട്ടിയ വിജയൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ്. ഈ മാസം തന്നെ സർവീസിൽ നിന്നും ഐ എം വിജയൻ വിരമിക്കും.

ഇല്ലായ്മകളോട് പൊരുതി ജീവിതത്തിലും കളി മൈതാനത്തും വിജയം കൊയ്തവന് ഇന്ത്യൻ ഫുട്ബോളിൽ ഒരു പേരുണ്ട് ഐ എം വിജയൻ. കേരള ഫുട്ബാളിൽ വിജയ സൂര്യനായി ഒരു ജനതയുടെ ഹൃദയത്തിൽ സ്നേഹമായുദിച്ച വിജയൻ.

ദാരിദ്ര്യത്തിന്റെ മുള്ളുകൾ പടർന്ന ബാല്യത്തിൽ അച്ഛനെ മരണം കൊണ്ടു പോയതായിരുന്നു വിജയൻ നേരിട്ട ആദ്യ വെല്ലുവിളി. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതോടെ അമ്മ ആക്രി പെറുക്കി നടന്ന് മക്കളെ പോറ്റി. തൃശൂർ തേക്കിൻ കാട് മൈതാനത്ത് വിജയനും സോഡ വിറ്റു നടന്നു. അപ്പോഴും വിജയനെന്ന ബാലന്റെ സ്വപ്നം മുഴുവൻ ഫുട്ബോൾ ആയിരുന്നു.

ഒരു കാറ്റേറ്റാൽ വീഴുന്ന ഓല മേഞ്ഞ വീട്ടിൽ നിന്ന് ഒരു കൊടുങ്കാറ്റിനും തകർക്കാനാവാതെ കാറ്റ് നിറച്ച പന്തിനെ അവൻ സ്വപ്നം കണ്ടു. നഷ്ടങ്ങളുടെ കനൽ കോരിയെറിഞ്ഞ ജീവിതത്തെ തന്റെ കാലിൽ വിരിഞ്ഞ പന്താട്ടം കൊണ്ട് സ്വപ്നത്തിന്റെ പൂക്കൾ പടർത്താൻ കൗമാരത്തിലെ പഠിച്ചു വിജയൻ.

കാൽപന്തിന്റെ മികവിൽ കേരള പൊലീസിലെത്തുമ്പോൾ വിജയന് പ്രായം 17. കേരള പൊലീസിന്റെയും കേരള ഫുട്ബോളിന്റെയും സുവർണ കാലത്ത് വി പി സത്യനും പാപ്പച്ചനും ഷറഫലിക്കുമൊപ്പം ഐ എം വിജയൻ എന്ന പേരും മലയാളികൾ ഏറ്റെടുത്തു.ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയിലേക്കും മോഹൻ ബഗാനിലെക്കും പിന്നെ ജെസിടിയിലേക്കും കൂടു മാറിയ വിജയൻ ഇന്ത്യൻ ഫുട്ബോളിന്റെ കറുത്ത മുത്തായി മാറി. സാഫ് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി 12-ാം സെക്കൻഡിൽ ഗോളടിച്ച വിജയനെ ആർക്ക് മറക്കാനാവും.

പിന്നെയും എത്രയെത്ര സുന്ദര മുഹൂർത്തങ്ങൾ ഇന്ത്യൻ ഫുട്ബാളിന് അയാൾ സമ്മാനിച്ചു. അത് കണ്ട് ഫുട്ബോൾ ആരാധകർ കയ്യടിച്ചു ആർപ്പു വിളിച്ചു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളായ ഐ എം വിജയൻ പിന്നീട് ഫുട്ബോൾ ഇതിഹാസം മറഡോണക്കൊപ്പം പന്തു തട്ടിയതിനും കേരളം സാക്ഷിയായി. ദിവസങ്ങൾക്കു മുമ്പ് ബ്രസീൽ ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡീഞ്ഞോക്കും റിവാൾഡോക്കും ഒപ്പം ഐ എം വിജയൻ ഫുട്ബോൾ കളിച്ചു.

വിശ്രമജീവിതത്തിലേക്ക് നീങ്ങുമ്പോഴും പന്തിനെ വിടാൻ ഐ എം വിജയന് കഴിയില്ല. മൈതാനങ്ങളെ ത്രസിപ്പിച്ച ആ ജീവിതത്തിനു ഇന്ന് 56 വയസ്സ്.