അധ്യാപകൻ മദ്യപിച്ചിട്ടില്ല, സംഭവത്തിൽ രാഷ്ട്രീയം കലർത്തുകയാണ്’: മീനങ്ങാടി സ്കൂളിലെ ടൂർ വിവാദത്തിൽ വിദ്യാർഥികൾ.

മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടൂർ വിവാദത്തിൽ പ്രധാന അധ്യാപകൻ മദ്യപിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും വ്യക്തമാക്കി വിദ്യാർത്ഥികൾ രംഗത്തെത്തി. സ്കൂളിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ പഠനയാത്രാ സംഘത്തിലുണ്ടായിരുന്ന അധ്യാപകരും പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റാണെന്ന് പ്ലസ് ടു വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. പ്രിൻസിപ്പലിനെതിരെ യാതൊരു നടപടിയും എടുക്കരുതെന്നും അദ്ദേഹത്തെ സ്കൂളിൽ തന്നെ തിരികെ വേണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.അധ്യാപകർ മദ്യപിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ എവിടെയും പറഞ്ഞിട്ടില്ലെന്നും സംഭവം രാഷ്ട്രീയ പ്രേരിതമായി മാറ്റിമറിക്കുകയാണെന്നും അവർ പറഞ്ഞു. ടൂർ കഴിഞ്ഞ് ബസുകൾ സ്കൂളിലെത്തിയപ്പോൾ പ്രതിഷേധവുമായി എത്തിയത് യഥാർത്ഥ രക്ഷിതാക്കളല്ലെന്നും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരാണെന്നും കുട്ടികൾ ചൂണ്ടിക്കാട്ടുന്നു. സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗം വരാനിരിക്കെ, കഴിഞ്ഞ ഏഴ് വർഷമായി പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്ന ഷിവിൻ മാഷെ ലക്ഷ്യമിട്ടാണ് ചില രാഷ്ട്രീയ പാർട്ടിക്കാർ ഈ വിവാദം ഉണ്ടാക്കിയതെന്ന് അധ്യാപകനും വ്യക്തമാക്കുന്നു.യാതൊരു തെളിവുമില്ലാതെ മാധ്യമങ്ങൾ നൽകിയ തെറ്റായ വാർത്തകൾ തങ്ങളെയും കുടുംബത്തെയും വലിയ രീതിയിൽ മാനസികമായി പ്രയാസപ്പെടുത്തിയതായി പ്രിൻസിപ്പൽ പറഞ്ഞു. എൽഎൽബി പഠിക്കുന്ന മകൾക്കും 52 ശതമാനം ഭിന്നശേഷിയുള്ള മകനും കുടുംബത്തിനും ഈ വ്യാജപ്രചാരണം വലിയ വിഷമമുണ്ടാക്കി. എന്നാൽ, പ്രിൻസിപ്പലോ മറ്റ് അധ്യാപകരോ മദ്യപിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുന്നുവെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയിരിക്കുകയാണ്.

