സത്യം തെളിയും, ഒരുപാട് കാര്യങ്ങൾ തുറന്ന് പറയാനുണ്ട്: നടൻ സുധീഷ്
1 min readകോഴിക്കോട്: തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതികരണവുമായി നടൻ സുധീഷ്. ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും എന്നാൽ, ഒരു പാട് കാര്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും സുധീഷ് പറഞ്ഞു. അക്കാര്യം വൈകാതെ തുറന്ന് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ലഭിക്കണം. അന്വേഷിച്ച് തെളിയിക്കേണ്ട കാര്യമാണ് ഇതെന്നും സുധീഷ് പറഞ്ഞു. കോഴിക്കോട് സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സുധീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. തുടർന്ന്, സിനിമാരംഗത്തെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ നടൻ സുധീഷിന്റെ മൊഴിയും പ്രത്യേക അന്വേഷണ സംഘം ശേഖരിക്കുമെന്നാണ് സൂചന. ഇടവേള ബാബുവിനെനെതിരെയും ഇതേ യുവതി നേരത്തെ ആരോപണം നടത്തിയിരുന്നു.’അമ്മ’യിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ഇടവേള ബാബു ആവശ്യപ്പെട്ടുവെന്നാണ് യുവതി ആരോപിച്ചിരുന്നത്. ‘അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചു’, എന്നാണ് ജൂനിയർ ഇടവേള ബാബുവിന് എതിരായ ജൂനിയർ ആർടിസ്റ്റിന്‍റെ ആരോപണം.