വിമാനത്താവളത്തിലെ കാത്തുനിൽപ്പ് കുറയ്ക്കാം; ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

1 min read
SHARE

ന്യൂഡൽഹി: വിദേശയാത്രകൾക്കായി വിമാനത്താവളങ്ങളിലെ കാത്തുനിൽപ്പ് കുറയ്ക്കാൻ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ എന്ന പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ. വിവരങ്ങൾ മുൻകൂട്ടി നൽകി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുക. വിദേശത്തേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഇതുപയോഗിക്കാം. ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡുള്ളവർക്കുമാണ് നിലവിൽ അപേക്ഷിക്കാനാവുക. ഇതിലേക്കായി ആഭ്യന്തര മന്ത്രാലയം പ്രത്യേക പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങളായ മുഖചിത്രവും വിരലടയാളവും നൽകണം. അതിൽനിന്ന് അന്വേഷണത്തിനുശേഷമാകും അർഹരായവരെ തിരഞ്ഞെടുക്കുക.ഏതെങ്കിലും കേസുകളിൽ പ്രതിയായിട്ടുള്ളവർക്ക് ഈ സൗകര്യം ലഭിക്കില്ല. രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾക്ക് ഒരുമാസംവരെ സമയമെടുത്തേക്കും. പാസ്പോർട്ടിന്റെ കാലാവധി തീരുന്നതുവരെ പരമാവധി അഞ്ചുവർഷത്തേക്കാകും അംഗത്വം നൽകുന്നത്. ശനിയാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ യാത്രക്കാർക്കായി ഡൽഹി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ എട്ട് ഗേറ്റുകൾ തുറന്നു. നാലെണ്ണം ഡിപ്പാർച്ചറിനും നാലെണ്ണം അറൈവലിനുമാണ്. യാത്രക്കാരുടെ പ്രതികരണം നോക്കിയശേഷം ആവശ്യമെങ്കിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്ന് അധികൃതർ അറിയിച്ചു.പുതിയ പദ്ധതിയോടെ യാത്രകൾ ആയാസരഹിതമാകുമെന്ന് അമിത് ഷാ പറഞ്ഞു. പല വിദേശ രാജ്യങ്ങളേയും അപേക്ഷിച്ച് ഇന്ത്യയിൽ ഇമിഗ്രേഷൻ നടപടികൾക്ക് കൂടുതൽ സമയമെടുക്കുന്നത് പരിഹരിക്കാൻകൂടിയാണ് നീക്കം. അന്താരാഷ്ട്ര യാത്രക്കാർക്ക് പദ്ധതി ലോകോത്തര അനുഭവമാകുമെന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവള സി ഇ ഒ വിദേഹ് കുമാർ ജയ്പുരിയാർ പറഞ്ഞു.