May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 10, 2025

ഇത് ചരിത്രം; 100,000 ഡോളർ എന്ന മാന്ത്രിക സംഖ്യ തൊട്ട് ബിറ്റ്കോയിൻ

1 min read
SHARE

കുതിപ്പ് നിർത്താതെ ബിറ്റ്കോയിൻ. പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് സൈബർ ലോകത്തെ ജനകീയ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ 100,000 ഡോളർ എന്ന മാന്ത്രിക സംഖ്യ തൊട്ടത്. നിലവിൽ 103085 ആണ് ഒരു കോയിന്‍റെ വില. ഏകദേശം 87 ലക്ഷം ഇന്ത്യൻ രൂപ വരുമിത്. ഈ വർഷം ബിറ്റ്‌കോയിന്‍റെ മൂല്യം ഇരട്ടിയിലധികമാണ് വർധിച്ചത്. നവംബർ ആറിന് ട്രംപിൻ്റെ വൻ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നാലാഴ്‌ചയ്‌ക്കുള്ളിൽ ഏകദേശം 45 ശതമാനമാണ് മൂല്യം ഉയർന്നത്. അമേരിക്കയെ ക്രിപ്റ്റോ കറൻസികളുടെയും ബിറ്റ്കോയിന്‍റെയും ആസ്ഥാനമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് നിലവിലെ കുതിപ്പിന് കാരണമായി കണക്കാക്കുന്നത്. ‘ഒരു ചരിത്രപരമായ മാറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. നാല് വർഷത്തെ രാഷ്ട്രീയ ശുദ്ധീകരണത്തിന് ശേഷം, ബിറ്റ്കോയിനും മുഴുവൻ ഡിജിറ്റൽ അസറ്റ് ഇക്കോസിസ്റ്റവും സാമ്പത്തിക മുഖ്യധാരയിലേക്ക് കടക്കാൻ പോവുകയാണ്’ – യുഎസ് ക്രിപ്റ്റോ സ്ഥാപനമായ ഗാലക്സി ഡിജിറ്റലിൻ്റെ സ്ഥാപകനും സിഇഒയുമായ മൈക്ക് നോവോഗ്രാറ്റ്സ് പറഞ്ഞു. ആഭ്യന്തര സാമ്പത്തിക വളർച്ചയിലും നികുതി വെട്ടികുറക്കുന്നതിലും കേന്ദ്രീകരിച്ചുള്ള ട്രംപിന്റെ പ്രചാരണ അജണ്ട, സ്റ്റോക്കുകൾ, ക്രെഡിറ്റ്, ക്രിപ്റ്റോ എന്നിവ നിക്ഷേപകർ വാങ്ങിക്കൂട്ടാൻ കാരണമായി. യുഎസ് കോൺഗ്രസിൽ ക്രിപ്റ്റോ കറൻസിക്ക് അനുകൂലമായ നിയമ നിർമാണം ഉണ്ടാകുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചത് കൂടുതൽ നിക്ഷേപം ബിറ്റ്കോയിനിലേക്കെത്താൻ കാരണമായിട്ടുണ്ട്. ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയ വിക്രയം ചെയ്യാവുന്ന ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോ കറൻസികൾ. വിവിധ തരം ക്രിപ്റ്റോകൾ നിലവിലുണ്ടെങ്കിലും ബിറ്റ്കോയിനാണ് ജനപ്രിയമായതും ഏറ്റവും മൂല്യമുള്ളതും.