June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

തൃശ്ശൂർ കലോത്സവ ലഹരിയിൽ; സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായെത്തും.

SHARE

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആവേശകരമായ സമാപനം കുറിക്കാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ എത്തുന്നു. ജനുവരി 18-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി കെ. രാജൻ അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. തിരക്ക് ഒഴിവാക്കാൻ കാണികൾ 3 മണിയോടെ തന്നെ വേദിയിൽ എത്തണമെന്ന് നിർദ്ദേശമുണ്ട്. മോഹൻലാലിന്റെ വരവിനോടനുബന്ധിച്ച് പ്രത്യേക സെക്യൂരിറ്റി സംവിധാനങ്ങളും റൂട്ട് മാപ്പും തയ്യാറാക്കാൻ ഉന്നതതല യോഗം ചേർന്നു.

കലോത്സവ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് വിതരണവും മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ വെച്ച് നൽകുന്നതാണ്. നാലു മാസം മുൻപേ തുടങ്ങിയ ഒരുക്കങ്ങൾ കലോത്സവത്തെ മികവുറ്റതാക്കിയെന്ന് മന്ത്രി പറഞ്ഞു. 25 വേദികൾക്കും പൂക്കളുടെ പേരാണ് നൽകിയിരിക്കുന്നത്. വിവിധ നിറങ്ങളിലുള്ള പൂക്കൾ ഒരേ തോട്ടത്തിൽ നിൽക്കുന്നതുപോലെ, മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഈ കലോത്സവം പകരുന്നത്. തൃശ്ശൂർ പൂരത്തിന് സമാനമായ ആവേശമാണ് ഓരോ വേദികളിലും അനുഭവപ്പെടുന്നത്.

പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നതിന് ഇലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഉച്ചയ്ക്ക് അടപ്രഥമൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഒരുക്കി അതിഥികളെ സ്വീകരിക്കാൻ തൃശ്ശൂർ സജ്ജമാണെന്നും മന്ത്രി കൂട്ടിചേർത്തു.

തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കസേരകളും സൗകര്യങ്ങളും വേദികളിൽ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന ഫ്യൂഷൻ സംഗീത പരിപാടികൾ സമാപന ചടങ്ങിന് മാറ്റ് കൂട്ടും. സാംസ്കാരിക നഗരിയുടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒന്നായി ഈ കലോത്സവം മാറിക്കഴിഞ്ഞു

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അഞ്ച് ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻററി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളുമാണുള്ളത്. മത്സരാർഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.