August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 17, 2026

മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ല’; പ്രമോദ് നാരായൺ എംഎൽഎ.

SHARE

മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കേരളാ കോൺഗ്രസ് എം എംഎൽഎ പ്രമോദ് നാരായൺ. അത്തരം പരാമർശം താൻ നടത്തിയിട്ടില്ലെന്നും സഭകളെ കൂടി വലിച്ചിഴച്ച് നടത്തുന്ന പ്രചരണങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കെന്നും പ്രമോദ് നാരായൺ ഫേസ്ബുക്കിൽ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ:

കേരളാ കോൺഗ്രസിന്റെ രാഷ്ടീയ നിലപാട് സംബന്ധിച്ച് സഭകളുടെ സമ്മർദമുണ്ട് എന്ന് ഞാൻ പറഞ്ഞു എന്ന തരത്തിൽ വന്ന വാർത്തകൾ ശ്രദ്ധയിൽ പെടുകയുണ്ടായി. ഇത്തരത്തിലുള്ള ഒരു പരാമർശവും എന്റെ അറിവിൽ പെടാത്തതും ഞാൻ നടത്തിയിട്ടില്ലാത്തതുമാണ് എന്ന് വ്യക്തമാക്കട്ടെ. കേരള കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആദരണീയനായ പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി സാർ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടും സഭകളെ കൂടി വലിച്ചിഴച്ച് ഇത്തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ ദുഷ്ടലാക്കോട് കൂടിയുള്ളതാണ്. സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ആത്മീയ നേതൃത്വങ്ങളോട് എന്നും ആദരവ് പുലർത്തുന്ന പൊതുപ്രവർത്തകനാണ് ഞാൻ. മകരവിളക്ക് ചടങ്ങുകളുമായി ബന്ധപ്പെട്ട് ശബരിമലയിൽ ആയിരുന്നതിനാൽ വളരെ വൈകിയാണ് ഈ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടത്. അതിനാലാണ് വിശദീകരണ കുറിപ്പ് വൈകിയത്. കുറിപ്പ് വൈകിയതിൽ ഖേദം പ്രകടിപ്പിക്കുന്നു.

അതേസമയം, നിർണായകമായ കേരളാ കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം അൽപസമയത്തിനകം കോട്ടയത്ത് തുടങ്ങും. എൽഡിഎഫ് വിടില്ലെന്ന് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയതിന് അപ്പുറം, മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് സിപിഐഎം. കേരളാ കോൺഗ്രസ് എമ്മിനുള്ളിലെ യുഡിഎഫ് അനുകൂല വികാരം മറനീക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. മണിക്കൂർ തോറും മാറ്റിപ്പറയുന്ന സ്വഭാവം പാർട്ടിക്കില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.

അതിനിടെ, കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസ് കെ മാണിയുടെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് പറഞ്ഞു. എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യമില്ലെന്ന് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും പറഞ്ഞതായും ബിനോയ് വിശ്വം പ്രതികരിച്ചു. കേരള കോൺഗ്രസ് എം മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു.